അഭിഭാഷകനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയാൾ അറസ്റ്റിൽ
Sep 22, 2022, 16:29 IST

കോട്ടയം: അഭിഭാഷകനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയാൾ അറസ്റ്റിൽ. കാരാപ്പുഴ വാഴയിൽ വീട്ടിൽ ഷമീർ ഹുസൈൻ എന്ന 35-കാരനെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലെ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോട്ടയം സെഷൻസ് കോടതി തള്ളിയിരുന്നു. ഷമീറിന്‍റെ സുഹൃത്തുക്കളായ പ്രതികൾക്ക് ജാമ്യം ലഭിക്കാതിരുന്നതിലുള്ള ദേഷ്യംമൂലമാണ് പ്രതികൾക്കു വേണ്ടി ഹാജരായ അഭിഭാഷകനെ ഫോണിൽ വിളിച്ച് ചീത്ത പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. അഭിഭാഷകന്‍റെ പരാതിയെത്തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഷമീറിനെ അറസ്റ്റ് ചെയ്തത്.
ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ വധശ്രമത്തിന് കേസ് നിലവിലുണ്ട്. കൂടാതെ കോട്ടയം വെസ്റ്റ് സ്റ്റേഷനിലും നിരവധി കേസുകളും നിലവിലുണ്ട്.