സഹോദരനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഓടിയ ആൾ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ; ഷോക്കേറ്റെന്ന് സംശയം

crime
 
പത്തനംതിട്ട: തിരുവല്ല പെരിങ്ങരയിൽ സഹോദരനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജേഷ്ഠനെ മരിച്ച നിലയിൽ കണ്ടെത്തി. ചിറയിൽ വീട്ടിൽ സന്തോഷാണ് മരിച്ചത്. സന്തോഷിന്റെ ആക്രമണത്തിൽ തലയ്ക്ക് വെട്ടേറ്റ അനുജൻ സജീവ് ആശുപത്രിയിലാണ്. പെരിങ്ങര പഞ്ചായത്ത് വളപ്പിലാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 2.45ഓടു കൂടിയായിരുന്നു സംഭവം. സന്തോഷും അനുജൻ സജീവനും വീട്ടിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും സന്തോഷ് വെട്ടുകത്തി ഉപയോഗിച്ച് സജീവന്റെ തലയ്ക്ക് വെട്ടുകയായിരുന്നു.സമീപവാസികൾ എത്തി സജീവനെ ആശുപത്രിയിലേക്ക് മാറ്റി. അൽപ്പസമയങ്ങൾക്ക് ശേഷമാണ് പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ വെള്ളം കയറിയ ഓഫീസ് വളപ്പിന് സമീപം സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് ഓഫീസിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിക്കവെ വീണ് പരിക്കേറ്റതോ അല്ലെങ്കിൽ ഷോക്കേറ്റതോ ആകാം മരണകാരണമെന്നാണ് നിഗമനം. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം എന്താണ് എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കുകയുള്ളൂ.

Share this story