വലിച്ചെറിയല്‍ മുക്ത കാമ്പയിന് റിപ്പബ്ലിക് ദിനത്തില്‍ തുടക്കമാകും
![ജനുവരി 26 മുതല്‍ ‘വലിച്ചെറിയല്‍ മുക്ത കേരളം’ പ്രചാരണ പരിപാടി](https://timeskerala.com/static/c1e/client/91214/uploaded/0649024bd31e95a8d63032dd77aff164.jpg)
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി വൃത്തിയുളള നവകേരളം എന്ന ലക്ഷ്യത്തിലേക്കുളള ആദ്യഘട്ടമായി വലിച്ചെറിയല്‍ മുക്ത കാമ്പയിന് റിപ്പബ്ലിക് ദിനത്തില്‍ തുടക്കം കുറിക്കും. ഹരിതകേരളം മിഷന്, ശുചിത്വ മിഷന്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം രണ്ടാംഘട്ടം എന്ന രീതിയില്‍ കേരളത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന് നടത്തുവാന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ഇതിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ ജില്ലാതല ഉദ്ഘാടനവും തുടര്‍ന്ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ശുചിത്വ മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ജനുവരി 26 മുതല്‍ 30 വരെയാണ് ആദ്യഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍. പൊതുസ്ഥലങ്ങളിലെ മാലിന്യകൂനകളും മാലിന്യ നിക്ഷേപണ കേന്ദ്രങ്ങളും കണ്ടെത്തി പൊതുജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തി പ്രസ്തുത സ്ഥലങ്ങള്‍ ആകര്‍ഷകമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകര്‍മ്മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, സ്കൂള്‍ കോളേജ്, എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി വോളന്റിയര്‍മാര്‍, വിവിധ തലങ്ങളിലുളള രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.