കത്ത് വിവാദം; ലെറ്റർ പാഡ് ദുരുപയോഗം ചെയ്തു, ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി ആവർത്തിച്ച് ആര്യ രാജേന്ദ്രൻ

hhhhews5tyq5hj

തിരുവനന്തപുരം: നിയമന വിവാദം സംബന്ധിച്ച അന്വേഷണത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും സ്വീകരിച്ചു. തന്റെ ലെറ്റർ പാഡ് ദുരുപയോഗം ചെയ്‌തെന്ന മുൻ മൊഴി മേയർ ആവർത്തിച്ചു. കത്തെഴുതാൻ താൻ ഉത്തരവൊന്നും നൽകിയിട്ടില്ലെന്ന് ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. മേയറുടെ ഓഫീസിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മൊഴിയും എടുത്തു. തങ്ങൾ ആരും കത്ത് എഴുതിയിട്ടില്ലെന്ന് അവർ പറഞ്ഞു.കത്ത് വ്യാജമാണെന്ന ആര്യ രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

 സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കത്ത് കോർപ്പറേഷൻ ഓഫീസിൽ വെച്ച് തയ്യാറാക്കിയതാകാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതിനിടെ, മേയറുടെ രാജി ആവശ്യപ്പെട്ട് മഹിളാ മോർച്ച് കോർപറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ചെറിയ തോതിൽ സംഘർഷമുണ്ടായി. കോൺഗ്രസ് കൗൺസിലർമാർ സംഘടിപ്പിച്ച പ്രതിഷേധത്തിൽ തിരുവനന്തപുരം എംപി ശശി തരൂരും സംസാരിച്ചു.

Share this story