മോഡൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിലെ കേസ​ന്വേഷണം പുരോഗമിക്കുന്നു; പിന്നിൽ കൃത്യമായ ഗൂഡാലോചനയെന്ന് അന്വേഷണസംഘം

മോഡൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിലെ കേസ​ന്വേഷണം പുരോഗമിക്കുന്നു; പിന്നിൽ കൃത്യമായ ഗൂഡാലോചനയെന്ന് അന്വേഷണസംഘം
കോഴിക്കോട്: കൊച്ചിയിൽ 19-കാരിയായ മോഡൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിലെ കേസ​ന്വേഷണം പുരോഗമിക്കുന്നു. ഇന്ന് കൂടുതല്‍ തെളിവെടുപ്പ് നടക്കും. ഇതിനിടെ, സംഭവത്തിനു പിന്നിൽ കൃത്യമായ ​ഗൂഡാലോചന നടന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു.

കേസില്‍ പ്രതിയായ രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാമ്പയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ്, പ്രതികള്‍ പലതവണ തമ്മില്‍ ആശയവിനിമയം നടത്തിയതായി കണ്ടെത്തിയത്. അറസ്റ്റിലായ പ്രതികളെ കഴിഞ്ഞ ദിവസമാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

ഡിംപിള്‍ ലാമ്പ, വിവേക് സുധാകരന്‍, നിധിന്‍ മേഘനാഥന്‍, ടി.ആര്‍. സുദീപ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സൗത്ത് പൊലീസ് ഇവരെ എറണാകുളത്തെ ബാറിലെത്തിച്ച് തെളിവെടുത്തു. പീഡനത്തിനിരയായ പെണ്‍കുട്ടി ഡിംപിളിനൊപ്പമെത്തിയത് ഈ ബാറിലായിരുന്നു. മദ്യപാനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കാക്കനാട്ടുള്ള താമസ സ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞാണ് കാറില്‍ കയറ്റിയത്.

കടവന്ത്ര, പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. കേസിലുള്‍പ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശികള്‍ക്കെതിരെ മറ്റു കേസുകള്‍ നിലവിലുണ്ടെന്നും​ പൊലീസ് വ്യക്തമാക്കിയിരുന്നു.


 

Share this story