ക്ഷേത്രങ്ങളെ സാംസ്‌കാരിക ഇടങ്ങളായി കൂടി കാണുന്ന നയമാണ് സര്‍ക്കാരിന്റേത്: മുഖ്യമന്ത്രി

pinarayi
 

തിരുവനന്തപുരം: ക്ഷേത്രങ്ങളെ ആരാധനാലയങ്ങള്‍ മാത്രമായല്ല സാംസ്‌കാരിക ഇടങ്ങളായി കൂടിയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 1720 കോടി ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് പണം ചെലവഴിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ത്രിസപ്തതി ആഘോഷം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് കാലത്ത് ദേവസ്വങ്ങളുടെ വരുമാനം ഇല്ലാതായപ്പോള്‍ നിത്യ ചെലവുകളും ജീവനക്കാരുടെ ശമ്പളവും സര്‍ക്കാര്‍ സഹായം കൊണ്ടാണ് മുടങ്ങാതിരുന്നത്. ഈ കാലയളവില്‍ ദേവസ്വങ്ങള്‍ക്ക് 273 കോടി രൂപയുടെ സഹായം സര്‍ക്കാര്‍ നല്‍കിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നിരവധി ആളുകളുടെ ഉപജീവനവുമായി ബന്ധപ്പെട്ട ഇടങ്ങള്‍ കൂടിയാണ് ക്ഷേത്രങ്ങള്‍. അതിനാല്‍ അവിടത്തെ ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. എല്ലാ മേഖലകളെയും ചേര്‍ത്തുപിടിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

406 ക്ഷേത്രങ്ങളും രണ്ട് ഉന്നതവിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങളും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തെ വൈജ്ഞാനിക സമ്പദ്ഘടനയായി മാറ്റിത്തീര്‍ക്കാന്‍ വലിയ ഇടപെടലുകള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടമാണിത്. ഉന്നതവിദ്യാഭ്യാസ മേഖലയും സ്ഥാപനങ്ങളും നവീകരിക്കുകയാണ്. നമ്മുടെ നാടിന്റെ വൈജ്ഞാനിക മുന്നേറ്റത്തില്‍ ബോര്‍ഡിന്റെ വലിയ പിന്തുണയുണ്ടാകണം. 73-ാം വാര്‍ഷികത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ നേതൃത്വം നല്‍കുന്നത് സന്തോഷകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ത്രിസപ്തതി ആഘോഷത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ നിര്‍മ്മാണോദ്ഘാടനം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും തന്ത്ര വിദ്യാപീഠത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം റവന്യുമന്ത്രി അഡ്വ കെ രാജനും വാദ്യകലാകേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവും നിര്‍വഹിച്ചു. കൗസ്തുഭം ഹാളില്‍ നടന്ന പരിപാടിയില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ ബോര്‍ഡംഗങ്ങളായ എം ജി നാരായണന്‍, വി കെ അയ്യപ്പന്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. ദേവസ്വം കമ്മീഷണര്‍ എന്‍ ജ്യോതി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Share this story