സ്വകാര്യ സര്‍വകലാശാലയില്‍ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകനെതിരെ നടപടി വേണമെന്ന് പിതാവ്
Thu, 22 Sep 2022

കോഴിക്കോട്: ജലന്ധറിലെ സ്വകാര്യ സര്‍വകലാശാലയില്‍ തന്റെ മകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകനെതിരെ നടപടി വേണമെന്ന് പിതാവ്. മരണപ്പെട്ട അഗിന്‍ എസ് ദിലീപ് എന്ന വിദ്യാര്‍ഥിയുടെ പിതാവ് ദിലീപാണ് ആവശ്യം ഉന്നയിച്ചത്. സത്യം എന്താണെന്ന് അറിയണമെന്നും നീതി ലഭിക്കണമെന്നും ദിലീപ് പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ഈ വിവരങ്ങളും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് കേസിലെ എഫ് ഐ ആര്‍ തയ്യാറാക്കിയിട്ടുള്ളത്.
കോഴിക്കോട് എന്‍ ഐ ടിയിലെ മുന്‍ വിദ്യാര്‍ഥിയായിരുന്ന അഗിന്‍ എസ് ദിലീപിന്റെ ആത്മഹത്യയില്‍ എന്‍ ഐ ടി ഡയറക്ടര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. എസ് എഫ് ഐയുടെ നേതൃത്വത്തില്‍ എന്‍ ഐ ടിയിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ മണിക്കൂറുകളോളം ഡയറക്ടര്‍ പ്രസാദ് കൃഷ്ണയെ ഉപരോധിക്കുകയും ചെയ്തിരുന്നു. തന്റെ മരണത്തിന് കാരണം പ്രസാദ് കൃഷ്ണയാണ് എന്ന് അഗിന്റെ ആത്മഹത്യാ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഡയറക്ടര്‍ പ്രസാദ് കൃഷ്ണക്കെതിരെ പഞ്ചാബ് പോലീസ് കേസെടുത്തിട്ടുണ്ട്. അഗിന്റെ മൃതദേഹം വഹിച്ചുള്ള വിമാനം ദില്ലിയില്‍ നിന്ന് ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തും. സംസ്‌കാര ചടങ്ങുകള്‍ ഉച്ചക്കു തന്നെ നടത്തുമെന്ന് അറിയിച്ചു.