ഭിന്നശേഷിക്കാര്‍ക്കുള്ള സഞ്ചാര സഹായികളുടെ വിതരണോല്‍ഘാടനം നടന്നു

ജില്ലാ പഞ്ചായത്തിന്റെ 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ഭിന്നശേഷിക്കാര്‍ക്കുള്ള സഞ്ചാര സഹായികളുടെ വിതരണോല്‍ഘാടനം ജില്ലാ പഞ്ചായത്ത് ജയന് സ്മാരക ഹാളില്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച് പഞ്ചാപകേശന്‍ നിര്‍വഹിച്ചു.
ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര സ്കൂട്ടര്‍ പദ്ധതിയുടെ ഭാഗമായി 58.94 ലക്ഷം രൂപ ചിലവഴിച്ച് 63 പേര്‍ക്കാണ് സ്കൂട്ടര്‍ കൈമാറിയത്. അരക്ക് കീഴ്പ്പോട്ട് തളര്‍ന്ന് അവശരായവരുടെ ക്ഷേമം ലക്ഷ്യമിട്ട് അവരുടെ ദൈനംദിന ആവശ്യത്തിന് പ്രയോജനകരമായ ജോയ്സ്റ്റിക് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന മോട്ടോറൈസ്ഡ് വീല്‍ചെയറുകള്‍ നല്‍കുന്നതിനായി വിഭാവനം ചെയ്ത 'ബട്ടര്‍ഫ്ലൈസ്' പദ്ധതിയുടെ ഭാഗമായി 31.99 ലക്ഷം രൂപ വകയിരുത്തി 27 പേര്‍ക്ക് വീല്‍ചെയര്‍ നല്കി.ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമം ഉറപ്പുവരുത്തി അവരെ സ്വയംപര്യാപ്ത്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേല്‍ അദ്ധ്യക്ഷനായി. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വസന്താ രമേശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര്.രശ്മി, എസ്.സോമന്, ബി.ജയന്തി, ജയശ്രീ വാസുദേവന്‍പിള്ള, സുനിത രാജേഷ്, സെക്രട്ടറി ബിനുന്‍ വാഹിദ്, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ സിജു ബെന്‍, സീനിയര്‍ സൂപ്രണ്ട് കബീര്‍ദാസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.