മലമ്പുഴ ജലസേചന പദ്ധതിയുടെ കീഴിലുള്ള കനാലുകള്‍ നവീകരിക്കും

 മലമ്പുഴ ജലസേചന പദ്ധതിയുടെ കീഴിലുള്ള കനാലുകള്‍ നവീകരിക്കും
പാലക്കാട്: മലമ്പുഴ ഡിവിഷന് കീഴിലുള്ള പദ്ധതികളുടെ ബ്രാഞ്ച് കനാലുകള്‍ ഏഴുദിവസത്തിനകം നവീകരിച്ച് ജലവിതരണം ഉറപ്പാക്കാന്‍ മലമ്പുഴ പദ്ധതി ഉപദേശക സമിതി യോഗത്തില്‍ തീരുമാനം. ചുണ്ണാമ്പുതറയിലെ ശിരുവാണി ജലസേചന ഓഫീസ് ഹാളില്‍ എ. പ്രഭാകരന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ജില്ലാ പഞ്ചായത്തില്‍ നിന്ന് ഒരു കോടി രൂപ ഡിപ്പോസിറ്റായി നല്‍കുകയോ ഫണ്ട് നല്‍കാമെന്ന കത്തിന്റെ ഉറപ്പിന്റെയോ അടിസ്ഥാനത്തില്‍ പരമാവധി ഏഴ് ദിവസത്തിനുള്ളില്‍ ജലസേചന വകുപ്പ് ബ്രാഞ്ച് കനാലുകള്‍ വൃത്തിയാക്കും. അധികം വരുന്ന തുക സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കുമെന്ന് എം.എല്‍.എ യോഗത്തില്‍ അറിയിച്ചു.
സബ് കനാലുകള്‍ വൃത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ പഞ്ചായത്തുകള്‍ തനത് ഫണ്ട് ഉപയോഗിച്ച് നേരിട്ട് കരാറുകാരെ ഏല്‍പിച്ച് പൂര്‍ത്തിയാക്കണം. കാഡാ കനാലുകള്‍ കര്‍ഷകസംഘങ്ങള്‍ ഏറ്റെടുത്ത് വൃത്തിയാക്കണം. കനാലുകള്‍ വൃത്തിയാവുന്നതോടെ നിലവിലുള്ളതിനേക്കാള്‍ സുഗമമായി ജലവിതരണം നടത്താനാവുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Share this story