ഗോത്ര മേഖലയിലെ പ്രശ്‌നപരിഹാരം മുന്തിയ പരിഗണന നല്‍കണം-നിയമസഭാ സമിതി

 ഗോത്ര മേഖലയിലെ പ്രശ്‌നപരിഹാരം മുന്തിയ പരിഗണന നല്‍കണം-നിയമസഭാ സമിതി
വയനാട്: ജില്ലയിലെ ഗോത്ര വിഭാഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് മുന്തിയ പരിഗണന നല്‍കണമെന്ന് നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ സമിതി നിര്‍ദ്ദേശം നല്‍കി. കളക്‌ട്രേറ്റ് എ.പി.ജെ ഹാളില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷനായ നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ സമിതി തെളിവെടുപ്പിലാണ് ആദിവാസി മേഖലയിലെ പരാതികള്‍ അടിയന്തരമായി പരിഹരിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, കടകംപ്പളളി സുരേന്ദ്രന്‍, എ. രാജ, എ.പി അനില്‍കുമാര്‍, പി.വി ശ്രീനിജന്‍ എന്നിവര്‍ സമിതിക്ക് ലഭിച്ച 30 പരാതികളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തി. ലഭ്യമല്ലാത്ത റിപ്പോര്‍ട്ടുകള്‍ നിശ്ചിത സമയപരിധിയില്‍ സമിതിക്ക് നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ നേരിട്ട് ലഭിച്ച പരാതികള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി സമിതി ചര്‍ച്ച നടത്തും. ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
കൈവശ ഭൂമിയുടെ ഉടമസ്ഥാവകാശം, പട്ടയം അനുവദിക്കല്‍, വനാതിര്‍ത്തിയിലുളള ജനവാസകേന്ദ്രത്തിലേക്കുള്ള റോഡ് നിര്‍മ്മാണം, ചികിത്സ ധനസഹായം, ഭവന അപേക്ഷ, ഭൂമിക്കായുളള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വിഷയങ്ങളില്‍ നല്‍കിയ പരാതികള്‍ സമിതി പരിഗണിച്ചു. ചീങ്ങേരി പ്ലാന്റേഷന്‍, വയല്‍ക്കര ഭൂമിപ്രശ്നം, കരാപ്പുഴ ജലസേചനം പദ്ധതി, പ്രിയദര്‍ശിനി എസ്റ്റേറ്റ്, സുഗന്ധഗിരി ഭൂമിപ്രശ്നം എന്നിവയുമായി ബന്ധപ്പെട്ട് വന്ന പരാതികളും സമിതി ചര്‍ച്ച ചെയ്തു. പരാതികളുമായി ബന്ധപ്പെട്ട വകുപ്പുകളോടും ഉദ്യോഗസ്ഥരോടും രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നടപടികള്‍ വേഗത്തിലാക്കാനും സമിതി നിര്‍ദേശിച്ചു. പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം സംബന്ധിച്ച പരാതികളില്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ശേഖരിക്കാനും ഇത്തരം വിഷയങ്ങളില്‍ പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണ നല്‍കാനും നിയമസഭ സമിതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍ എ. ഗീത, ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, എ.ഡി.എം എന്‍.ഐ ഷാജു, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, വി. അബൂബക്കര്‍, പി. അഖില്‍, നിയമസഭാ സെക്ഷന്‍ ഓഫീസര്‍ പി. സുഭാഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തെളിവെടുപ്പിന് ശേഷം നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ സമിതി അംഗങ്ങള്‍ കണിയാമ്പറ്റ എം.ആര്‍.എസ് സ്‌കൂള്‍ സന്ദര്‍ശിച്ചു. കലാ-കായിക മേളയില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കല്‍പ്പറ്റ അമൃദ്, ഗോത്ര പൈതൃകഗ്രാമം എന്‍ ഊര്, മീനങ്ങാടി എ.ബി.സി.ഡി ക്യാമ്പ് എന്നിവടങ്ങളിലും നിയമസഭാ സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു.

Share this story