ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2020: ആര്‍.ആര്‍.ഡി കോബ്രാസ് ചാംപ്യന്‍സ്

 ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2020: ആര്‍.ആര്‍.ഡി കോബ്രാസ് ചാംപ്യന്‍സ്
 

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2020 ഫൈനലിലെ ആവേശകരമായ മത്സരത്തില്‍ യു.എസ്.ടിയെ തോല്‍പ്പിച്ച് ആര്‍.ആര്‍.ഡി കോബ്രാസ് ചാംപ്യന്‍മാര്‍. 2020 ജനുവരിയില്‍ ആരംഭിച്ച ടൂര്‍ണമെന്റ് കോവിഡ് മഹാമാരി കാരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ടെക്നോപാര്‍ക്ക് സജീവമാകുന്നതിന്റെ ഭാഗമായി പുനഃരാരംഭിച്ച ടൂര്‍ണമെന്റിന് ആവേശകരമായ പ്രതികരണമാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായത്.

150 ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ അലയന്‍സ് വൈറ്റ്, ആര്‍.ആര്‍.ഡി കോബ്രാസ്, അലയന്‍സ് ബ്ലൂ, യു.എസ്.ടി എന്നീ ടീമുകളാണ് ഇടം നേടിയത്. ആദ്യ സെമിയില്‍ അലയന്‍സ് ബ്ലൂവിനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ച് യു.എസ്.ടി ഫൈനലിലെത്തി. രണ്ടാം സെമിയില്‍ അലയന്‍സ് വൈറ്റിനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചാണ് ആര്‍.ആര്‍.ഡി കോബ്രാസ് ഫൈനലിലെത്തിയത്. അവസാന ബോള്‍ വരെ ആവേശം നീണ്ടു നിന്ന ഫൈനലില്‍ ആര്‍.ആര്‍.ഡി കോബ്രാസ് യു.എസ്.ടിയുടെ കൈയില്‍ നിന്ന് വിജയം തട്ടിയെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത യു.എസ്.ടി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ശ്രീനില്‍ രാജിന്റെ മികവില്‍ (9 പന്തില്‍ 27) ആര്‍.ആര്‍.ഡി കോബ്രാസ് ആറു വിക്കറ്റിന് വിജയം കണ്ടു. അവസാന ഓവറില്‍ 13 റണ്‍സ് വിജയലക്ഷ്യവുമായി നിന്ന ആര്‍.ആര്‍.ഡിയെ ശ്രീനില്‍ രാജും ശരത്ത് മേനോനും ചേര്‍ന്ന് വിജയതീരത്തേക്ക് നയിക്കുകയായിരുന്നു.

ടൂര്‍ണമെന്റിലെ വിജയികള്‍ക്കുള്ള സമ്മാനദാനം കേരളാ സ്റ്റേറ്റ് ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒ ജോണ്‍ എം. തോമസ് നിര്‍വഹിച്ചു. ടെക്നോപാര്‍ക്ക് ഐ.ആര്‍ ആന്‍ഡ് അഡ്മിന്‍ മാനേജര്‍ അഭിലാഷ് ഡി.എസ്, ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ പ്രമോദ്, പ്രദീപ് തുടങ്ങിയവര്‍ സമ്മാനദാന ചടങ്ങില്‍ പങ്കെടുത്തു. ആര്‍.ആര്‍.ഡി കോബ്രാസിന്റെ ജി.എസ് വൈശാഖ് ആണ് പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. അരുണ്‍ ശശികുമാര്‍ (അലയന്‍സ് വൈറ്റ്) ബെസ്റ്റ് ബോളറായും ശാലിന്‍ സി രാജ് (ഏണസ്റ്റ് ആന്‍ഡ് യങ്) ബെസ്റ്റ് ബാറ്ററായും ശ്രീനില്‍ രാജ് (ആര്‍.ആര്‍.ഡി കോബ്രാസ്) മാന്‍ ഓഫ് ദ മാച്ചായും ശിവകുമാര്‍ (എച്ച്.ആന്‍ഡ് ആര്‍ ബ്ലോക്ക്) ബെസ്റ്റ് പെര്‍ഫോമര്‍ (എട്ട് ഓവറില്‍ 120 റണ്‍സ്) തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം മുരുഗന്‍ ക്രിക്കറ്റ് ക്ലബ് ആണ് ടൂര്‍ണമെന്റ് സംഘാടകര്‍.

ഫോട്ടോ ക്യാപ്ഷന്‍: ടെക്‌നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2020ല്‍ വിജയികളായ ആര്‍.ആര്‍.ഡി കോബ്രാസിനുള്ള ട്രോഫി കേരളാ സ്റ്റേറ്റ് ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒ ജോണ്‍ എം. തോമസ് കൈമാറുന്നു.

Share this story