Times Kerala

 കഴിഞ്ഞ സീസണിൽ സപ്ലൈകോ സംഭരിച്ചത് 7.48 ലക്ഷം ടൺ നെല്ല്; 2,062 കോടി രൂപ കർഷകർക്കു നൽകി

 
 കഴിഞ്ഞ സീസണിൽ സപ്ലൈകോ സംഭരിച്ചത് 7.48 ലക്ഷം ടൺ നെല്ല്; 2,062 കോടി രൂപ കർഷകർക്കു നൽകി
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വിള സീസണിൽ സപ്ലൈകോ സംഭരിച്ചത് 7.48 ലക്ഷം ടൺ നെല്ല്. സംഭരിച്ച നെല്ലിന് ഇതുവരെ 20,62 കോടി രൂപ 2,48,237 കർഷകർക്കു വിതരണം ചെയ്തു. ജൂലൈ 22 വരെയുള്ള കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചിട്ടുള്ളത് പാലക്കാട് ജില്ലയിൽ ആണ്. 122454 കർഷകരിൽ നിന്നായി ജില്ലയിൽ 980 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ആലത്തൂർ, ചിറ്റൂർ, പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലമടക്കമുള്ള താലൂക്കുകളിൽ നിന്ന് 3,50,008 (മൂന്നരലക്ഷം) ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. 405 കോടി രൂപയുടെ 1,44,997.358 ടൺ നെല്ല് സംഭരിച്ച ആലപ്പുഴ ജില്ലയാണ് രണ്ടാം സ്ഥാനത്ത്.40650 കർഷകരിൽ നിന്നായി 1,02,939.927 ടൺ നെല്ല് 288 കോടി രൂപയ്ക്ക് സംഭരിച്ച തൃശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്.നെല്ലിന് അയൽ സംസ്ഥാനങ്ങളെക്കാൾ ഏറ്റവുമധികം വിലയും പ്രോത്സാഹന ബോണസും നൽകിയാണ് കേരളത്തിൽ സംഭരിക്കുന്നത്.വിള സീസൺ ആരംഭിക്കുന്ന സമയത്ത് കർഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്താണു നെല്ല് സംഭരണ പദ്ധതിയിൽ ചേരുന്നത്. 2022-23 വിള സീസൺ രജിസ്‌ട്രേഷൻ നടപടികൾ ഓഗസ്റ്റ് ഒന്നിന് ആരംഭിച്ചു. സംസ്ഥാനത്ത് സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്നവർ ഫോം എ-യും പാട്ട ഭൂമിയിൽ കൃഷി ചെയ്യുന്നവർ ഫോം സിയും വഴിയാണ് നെല്ല് സംഭരണത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടത്. അപേക്ഷയും വിശദാംശവും www.supplycopaddy.in ൽ ലഭിക്കും.പൊതുവിപണിയിലെ വിലയേക്കാൾ കൂടുതൽ നൽകിയാണ് സപ്ലൈകോ കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നത്. 2020-21 സീസണിൽ കേന്ദ്ര താങ്ങുവില(എംഎസ്പി) 18.68 രൂപയും സംസ്ഥാന ബോണസ് 8.80 രൂപയും ഉൾപ്പെടെ 27.48 രൂപയായിരുന്നു സംസ്ഥാനത്ത് നെല്ലിന്റെ വില. 2021-22 സീസൺ മുതൽ കേന്ദ്ര താങ്ങുവില 19.40 രൂപയും സംസ്ഥാന പ്രോത്സാഹന ബോണസ് 8.60 രൂപയും ഉൾപ്പെടെ നെല്ലിന്റെ വില 28 രൂപയായിരുന്നു. 2022-23 സീസൺ മുതൽ നെല്ലിന്റെ സംഭരണ വില 20 പൈസ കൂടി വർദ്ധിപ്പിച്ച് കിലോഗ്രാമിന് 28.20 രൂപയായി. ഈ തുക പുതിയ സീസണിൽ പ്രാബല്യത്തിൽ വരും. സപ്ലൈകോ കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ല് അരിയാക്കി പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുന്നു.മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ഉയർന്ന തുകയാണു കേരളത്തിലെ കർഷകർക്കു നെല്ല് സംഭരണത്തിലൂടെ ലഭിക്കുന്നത്. തമിഴ്നാട്ടിൽ ഗ്രേഡ് എ (വടി) വിഭാഗം നെല്ലിന് സംഭരണ വിലയ്ക്കു പുറമേ ഒരു രൂപയും കോമൺ (ഉണ്ട) വിഭാഗത്തിന് 75 പൈസയുമാണ് പ്രോത്സാഹന ബോണസ് ഇനത്തിൽ നൽകുന്നത്. കർണ്ണാടകയും, ആന്ധ്രാപ്രദേശും പ്രോത്സാഹന ബോണസ് നൽകുന്നില്ല. നെല്ലിന്റെ സംഭരണവില പരമാവധി ഉയർത്തി നിശ്ചയിക്കുന്നതിലും കുടിശ്ശിക തുക വിതരണം ചെയ്യുന്നതിലും കർഷകർക്ക് സഹായമാകുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്.

Related Topics

Share this story