വേനൽ കടുത്തു; വെള്ളവും ഭക്ഷണവും തേടി കാട്ടുപന്നികൾ കൂട്ടത്തോടെ നാട്ടിലേക്ക്
Tue, 24 Jan 2023

പത്തനംതിട്ട: വേനൽ കടുത്തതോടെ വെള്ളവും ഭക്ഷണവും തേടി കാട്ടുപന്നികൾ കൂട്ടത്തോടെ നാട്ടിൽ ഇറങ്ങുന്നത് ഗ്രാമീണ നിവാസികളെ ആശങ്കയിലാക്കുന്നു. പന്തളം തെക്കേക്കര, കുളനട, തുമ്പമൺ എന്നി പഞ്ചായത്തുകളിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. തെക്കേക്കര, തുമ്പമൺ, കുളനട പഞ്ചായത്തുകളിലായി ഏക്കർ കണക്കിന് കൃഷി ഇതിനോടകം കാട്ടുപന്നി നശിപ്പിച്ചു. രാത്രികാലങ്ങളിൽ കാട്ടുപന്നി വീടുകയറി ആക്രമിക്കുന്ന സംഭവംവരെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന കടയക്കാട് ചാണാതടത്തിൽ യാസീൻ റാവുത്തരെ കാട്ടുപന്നി ആക്രമിച്ചു. ഇതോടൊപ്പം മലയണ്ണാനും കാട്ടുപൂച്ചയും മയിലും പാമ്പും അടക്കമുള്ളവയുടെ ശല്യം ഗ്രാമ പ്രദേശത്ത് രൂക്ഷമായിരിക്കുകയാണ്. കാട്ടുപന്നികളെ വെടിെവച്ചുകൊല്ലാനുള്ള അപേക്ഷ ഡി.എഫ്.ഒയുടെ ഫയലിലാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന ജാഗ്രത സമിതികൾ കൂടിയെങ്കിലും വെടി വെക്കാനുള്ള ഉത്തരവ് മാത്രം ലഭിച്ചിട്ടില്ല.