കാറിലെത്തി വഴിചോദിച്ച ശേഷം അധ്യാപികയുടെ സ്വർണമാല മോഷ്‌ടിക്കാന്‍ ശ്രമിച്ച സൈനികന്‍ അറസ്റ്റില്‍

 കാറിലെത്തി വഴിചോദിച്ച ശേഷം അധ്യാപികയുടെ സ്വർണമാല മോഷ്‌ടിക്കാന്‍ ശ്രമിച്ച സൈനികന്‍ അറസ്റ്റില്‍
 കണ്ണൂർ: കാറിലെത്തി വഴിചോദിച്ച ശേഷം അധ്യാപികയുടെ സ്വർണമാല മോഷ്‌ടിക്കാന്‍ ശ്രമിച്ച സൈനികന്‍ അറസ്റ്റില്‍. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലാണ് സംഭവം. ഉളിക്കൽ സ്വദേശി സെബാസ്ററ്യൻ ഷാജിയാണ് (27) അറസ്റ്റിലായത്. വള്ളിത്തോട് സ്വദേശിയും റിട്ടയേഡ് അധ്യാപികയുമായ ഫിലോമിനയുടെ മാലയാണ് പ്രതി കവരാന്‍ ശ്രമിച്ചത്.ചൊവ്വാഴ്‌ച ഉച്ചയോടെ വള്ളിത്തോടിലെ കല്ലന്തോട് 32-ാം മൈലിൽ ഫിലോമിനയുടെ വീടിന് മുന്നിൽ വച്ചായിരുന്നു സംഭവം. കാറിൽ എത്തിയ സെബാസ്‌റ്റ്യന്‍ ഷാജി റോഡിലുണ്ടായിരുന്ന ഫിലോമിനയോട് ഒരു മേൽവിലാസം തിരക്കി. ഫിലോമിന ഇതിന് മറുപടി നല്‍കുന്നതിനിടയില്‍ പെട്ടെന്ന് ഇയാള്‍ കഴുത്തിലെ മാല പിടിച്ചു പറിക്കുകയായിരുന്നു.എന്നാൽ അഞ്ച് പവന്‍റെ സ്വർണ മാലയിലെ കുരിശ് താലി മാത്രമേ ഷാജിക്ക് ലഭിച്ചൊള്ളു. ഇത് കൈക്കലാക്കി ഇയാൾ കടന്നുകളഞ്ഞു. ഫിലോമിന ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.സംഭവം നടക്കുന്നതിന് തൊട്ട് മുൻപ് ഇയാൾ സമീപത്തുള്ള ഒരു വീട്ടിൽ എത്തിയിരുന്നു. പരിചയമില്ലാത്ത കാർ കണ്ട് സംശയം തോന്നിയ യുവാക്കൾ ഈ കാറിന്‍റെ നമ്പർ ശ്രദ്ധിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇരിട്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീകണ്‌ഠാപുരത്ത് വച്ച് ഇയാൾ പിടിയിലാകുന്നത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ പയ്യാവൂരിൽ ഒരു വീട്ടിൽ കയറി വയോധികയുടെ മാല മോഷ്‌ടിച്ചതും താനാണെന്ന് ഇയാൾ സമ്മതിച്ചു. ഇരിട്ടി പയഞ്ചേരിയിൽ നിന്നും വാടകക്കെടുത്ത കാറിലാണ് ഇയാൾ എത്തിയത്. കാർഗിലിൽ സൈനിക ജോലിക്കിടെ ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയതാണ് ഇയാള്‍.

Share this story