സംസ്ഥാനത്തെ സുയുഇടി പരീക്ഷകൾ മാറ്റി
Thu, 4 Aug 2022

ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലേക്കും രാജ്യത്തെ പ്രധാന കോളേജുകളിലേക്കുമുള്ള ബിരുദ പ്രവേശന പരീക്ഷയായ സുയുഇടിയുടെ കേരളത്തിലെ തീയതികളിൽ മാറ്റം. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിയത്. ഓഗസ്റ്റ് 4,5,6 തീയതികളിൽ കേരളത്തിലെ കേന്ദ്രങ്ങളിൽ നടത്താനായി നിശ്ചയിച്ചിരുന്ന സുയുഇടി പരീക്ഷകൾ റദ്ദാക്കിയതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എൻടിഎ) അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. അതേസമയം, ഓഗസ്റ്റ് 6-ന് ശേഷമുള്ള ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. വിദ്യാർഥികൾ എൻടിഎ വെബ്സൈറ്റിൽ ഹാൾ ടിക്കറ്റ് പരിശോധിച്ച് സമയക്രമം ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.