Times Kerala

 എസ്.ആർ. ശക്തിധരന് സ്വദേശാഭിമാനി കേസരി പുരസ്‌കാരം

 
 എസ്.ആർ. ശക്തിധരന് സ്വദേശാഭിമാനി കേസരി പുരസ്‌കാരം
 

തിരുവനന്തപുരം: മാധ്യമ മേഖലയിലെ മികവിന് മുതിർന്ന മാധ്യമ പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ 2020-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം എസ്.ആർ. ശക്തിധരന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമടങ്ങുന്നതാണു പുരസ്‌കാരം.

ദേശാഭിമാനി ദിനപത്രത്തിൽ അസോസിയേറ്റ് എഡിറ്റർ പദവിയിൽ നിന്ന് വിരമിച്ച എസ്.ആർ. ശക്തിധരൻ 1968 ലാണ് പത്രപ്രവർത്തന രംഗത്തേക്ക് വരുന്നത്. ദേശാഭിമാനിയുടെ എറണാകുളം ജില്ലാ ലേഖകനായി പ്രവർത്തിച്ചു. രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ കേന്ദ്രീകരിച്ചു റിപ്പോർട്ടുകളെഴുതിയ അദ്ദേഹം എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ഏറെക്കാലം പത്രപ്രവർത്തനം നടത്തി.

തിരുവനന്തപുരം, തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റ്, കേസരി ട്രസ്റ്റ് ചെയർമാൻ, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ദീർഘകാലം ദേശാഭിമാനിക്കുവേണ്ടി നിയമസഭ റിപ്പോർട്ട് ചെയ്തു. പുതിയ നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ രാഷ്ട്രപതി കെ.ആർ. നാരായണൻ ദീർഘകാലം നിയമസഭാ നടപടികൾ റിപ്പോർട്ട് ചെയ്ത ലേഖകരെ ആദരിച്ചവരിൽ അദ്ദേഹവും ഉൾപ്പെട്ടിരുന്നു. പത്രപ്രവർത്തനരംഗത്തെ മികവിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള ശക്തിധരൻ മൂന്നു വർഷം കേരള മീഡിയ അക്കാദമി ചെയർമാനായും സേവനമനുഷ്ഠിച്ചു.

അശോകൻ ചരുവിൽ ചെയർമാനും ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ കൺവീനറും ഇ.എം. അഷ്റഫ്, എം.എസ്. ശ്രീകല, എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്.

Related Topics

Share this story