റിപ്പബ്ലിക് ദിനം: സംസ്ഥാനതല ആഘോഷം സെൻട്രൽ സ്റ്റേഡിയത്തിൽ
Jan 25, 2023, 21:23 IST

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല ആഘോഷത്തിൽ രാവിലെ ഒമ്പതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും.വിവിധ സേനാ വിഭാഗങ്ങളുടേയും അശ്വാരൂഢ സേന, സംസ്ഥാന പോലീസ്, എൻസിസി, സ്കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടേയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. ഭാരതീയ വായു സേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. കേരള അഗ്നിരക്ഷാ സേന, വനം വകുപ്പ്(വനിതകൾ), എൻസിസിയുടെ സീനിയർ ഡിവിഷൻ ആൺകുട്ടികൾ, സീനിയർ വിംഗ് പെൺകുട്ടികൾ, സീനിയർ ഡിവിഷൻ എയർ സ്ക്വാഡ്രൺ, സീനിയർ ഡിവിഷൻ നേവൽ യൂണിറ്റ്, സ്റ്റുഡന്സ് പോലീസ് കേഡറ്റ് ആൺകുട്ടികൾ, പെൺകുട്ടികൾ, ഭാരത് സ്കൗട്ട്സ്, ഗൈഡ്സ് എന്നിവർ സായുധേതര ഘടക വിഭാഗത്തിൽ അണനിരക്കും.11 സായുധ ഘടകങ്ങളും 10 സായുധേതര ഘടകങ്ങളും സിറ്റി പോലീസിന്റെ നേതൃത്വത്തിലുള്ള അശ്വാരൂഢ സേനയും റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും. കരസേന, വ്യോമസേന, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, കർണാടക സ്റ്റേറ്റ് പോലീസ് നാലാം ബെറ്റാലിയൻ(വനിതകൾ), മലബാർ സ്പെഷൽ പോലീസ്, കേരള ആംഡ് വനിതാ പോലീസ് ബെറ്റാലിയൻ, ഇന്ത്യ റിസർവ് ബെറ്റാലിയൻ, തിരുവനന്തപുരം സിറ്റി പോലീസ്, കേരള പ്രിസൺ വകുപ്പ്, കേരള എക്സൈസ് വകുപ്പ് എന്നിവിടങ്ങളിൽനിന്നുള്ള ഓരോ പ്ലാറ്റൂൺ വീതമാണു സായുധ സേനാ ഘടകങ്ങളിൽ അണിനിരക്കുന്നത്. കരസേനയുടേയും തിരുവനന്തപുരം സിറ്റി പോലീസിന്റെയും ആംഡ് പോലീസ് ബെറ്റാലിയന്റെയും ബാൻഡുകളും പരേഡിലുണ്ടാകും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ എല്ലാവരും പങ്കെടുക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അഭ്യർഥിച്ചു.