ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബാനറില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ വിഡി സവര്‍ക്കറുടെ ചിത്രം; കോണ്‍ഗ്രസ് നേതാവിന് സസ്പെന്‍ഷന്‍

ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബാനറില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ വിഡി സവര്‍ക്കറുടെ ചിത്രം; കോണ്‍ഗ്രസ് നേതാവിന് സസ്പെന്‍ഷന്‍ 

കൊച്ചി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബാനറില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ വിഡി സവര്‍ക്കറുടെ ചിത്രം വച്ചതില്‍ നടപടി സ്വീകരിച്ച് നേതൃത്വം. സംഭവത്തില്‍ ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചു. സുരേഷിന്റെ നേതൃത്വത്തിലാണ് ബാനര്‍ സ്ഥാപിച്ചതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. ആലുവ നെടുമ്പാശേരി എയര്‍പോര്‍ട്ട് ജംഗ്ഷന് സമീപം കോട്ടായിയില്‍ ദേശീയപാതയില്‍ സ്ഥാപിച്ച ബാനറിലാണ് സവര്‍ക്കറുടെ ചിത്രം പതിപ്പിച്ചത്. കോണ്‍ഗ്രസ് ചെങ്ങമനാട് മണ്ഡലം കമ്മിറ്റിയാണ് ബാനറില്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചത്. സംഭവം ചര്‍ച്ചയായതോടെ മഹാത്മാ ഗാന്ധിയുടെ ചിത്രം വച്ച് കോണ്‍ഗ്രസ് നേതൃത്വം ബാനര്‍ മറയ്ക്കുകയും ചെയ്തു. രാഹുലിന്റെ യാത്ര എത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് ബാനറിലെ സവര്‍ക്കര്‍ ചിത്രം ഗാന്ധി ചിത്രമിട്ട് മറച്ചത്. അന്‍വര്‍ സാദത്തിന്റെ ബൂത്തിലായിരുന്നു സംഭവം നടന്നത്. സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ ഐഎന്‍ടിയുസി പ്രാദേശിക നേതാവാണ് ചിത്രം മറച്ചത്.സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ മന്ത്രി വി ശിവന്‍കുട്ടി, പിവി അന്‍വര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. സവര്‍ക്കര്‍ ചിത്രം മാറ്റുന്നതിന്റെ വീഡിയോയും ഇവര്‍ പങ്കുവച്ചിട്ടുണ്ട്.

Share this story