Times Kerala

പ്രൊഫഷണല്‍ സ്റ്റുഡന്റ്സ് സമ്മിറ്റ് കൊച്ചിയില്‍ 

 
news
 

കൊച്ചി: പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികളുടെ സംസ്ഥാനത്തെ ഏറ്റവും വലിയ സമ്മേളനമായ പ്രൊഫഷനല്‍ സ്റ്റുഡന്റ്‌സ് സമ്മിറ്റിന് ഇത്തവണ കൊച്ചി വേദിയാകും. പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളെ വ്യവസായ മേഖലയുമായി അടുപ്പിക്കുന്നതിനും നവീന ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ വേദിയൊരുക്കുന്നതിനുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ സ്റ്റുഡന്റ്സ് സമ്മിറ്റ് 2023 ഫെബ്രുവരി 11ന് അങ്കമാലിയിലെ അഡ്‌ല്ക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്യും. ഇന്ത്യയില്‍ തദ്ദേശീയമായി കോവിഡ് വാക്‌സിന്‍ ആദ്യമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ ചെയര്‍മാനും ശാസ്ത്രജ്ഞനുമായ ഡോ. കൃഷ്ണ എല്ലയാണ് ഇത്തവണ മുഖ്യാതിഥിയും മുഖ്യ പ്രഭാഷകനും. കൂടാതെ വ്യവസായ, കോര്‍പറേറ്റ്, അക്കാഡമിക് രംഗങ്ങളില്‍ നിന്നുള്ള ഒരു ഡസനിലേറെ പ്രമുഖരും ഉച്ചകോടിയില്‍ പങ്കെടുക്കും. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സമ്മിറ്റ് വീണ്ടും സംഘടിപ്പിക്കുന്നത്. പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികളെ വ്യവസായ മേഖലയുമായും കോര്‍പറേറ്റ് ഉന്നതരുമായും അടുപ്പിക്കുകയും ആശയ കൈമാറ്റത്തിന് വേദിയൊരുക്കുകയും ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സമ്മേളനമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയുടെ ചുമതലയിലാണ് മൂന്നാമത് പ്രൊഫഷനല്‍ സ്റ്റുഡന്റ്‌സ് സമ്മിറ്റ് നടക്കുന്നത്.

എഞ്ചിനീയറിങ്, മെഡിസിന്‍, അഗ്രികള്‍ചര്‍, ലോ, മാനേജ്മെന്റ് എന്നീ മേഖലകളിലെ 14 ശാഖകളില്‍ വിവിധ കോഴ്സുകള്‍ പഠിക്കുന്ന 2000 വിദ്യാര്‍ത്ഥികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. രാജ്യാന്തര രംഗത്ത് പ്രശസ്തരായ വ്യവസായ പ്രമുഖരും അക്കാഡമിക് വിദഗ്ധരുമായി വിവിധ സെഷനുകളില്‍ സംവദിക്കാനും നവീന ആശയങ്ങള്‍ അവതരിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാകും.

വിജ്ഞാന കൈമാറ്റവും പങ്കുവയ്ക്കലും നടക്കുന്ന ഇത്തരം സംരംഭങ്ങളെ വളരെ ഉത്സാഹത്തോടെ തന്നെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയും വിദ്യാര്‍ത്ഥികളുടെ സംഭവാനകളെ സ്വാഗതം ചെയ്യുകയും ചെയ്യുമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കേരളത്തെ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി വികസിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന് പ്രൊഫഷണല്‍ സ്റ്റുഡന്റ്സ് സമ്മിറ്റ് സഹായകമാകും. പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഠന മേഖലയുമായി ബന്ധപ്പെട്ട വ്യവസായ, അക്കാഡമിക് പ്രമുഖരുമായി ആശയവിനിമയം നടത്താനും പുതിയ അറിവുകള്‍ നേടാനും ഈ സമ്മേളനം വേദിയൊരുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 
ഉന്നത വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ആസൂത്രണ ബോര്‍ഡും ചേര്‍ന്ന് 2019ലാണ് ആദ്യമായി പ്രൊഫഷണല്‍ സ്റ്റുഡന്റ്സ് സമ്മിറ്റിന് തുടക്കമിട്ടത്. പരിപാടിയുടെ ലോഗോ പ്രകാശനം ഉന്നതവിദ്യാഭാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു അസാപ് കേരള സി എം ഡി ഉഷ ടൈറ്റസിന് നല്‍കി നിര്‍വഹിച്ചു.

Related Topics

Share this story