പോപ്പുലർ ഫ്രണ്ട് ജപ്തി; വസ്തുവകകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം

highcourt
കൊച്ചി: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് ജപ്തി ചെയ്ത വസ്തുവകകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. സ്വത്ത് കണ്ട് കെട്ടിയവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വിശദമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് ജപ്തി ചെയ്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വസ്തു വകകൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാരിന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർദേശം നൽകിയത്. ജപ്തി നടപടികൾ നേരിട്ടവർക്ക് നിരോധിത സംഘടനയായ പിഎഫ്.ഐ യുമായുള്ള ബന്ധം വ്യക്തമാക്കുന്ന വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ തന്റെ സ്വത്ത് വകകൾ അന്യായമായി ജപ്തി ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി ടി.പി യൂസഫ് കക്ഷി ചേരൽ അപേക്ഷ നൽകി.കക്ഷി ചേരൽ അപേക്ഷയടക്കം ഹൈക്കേടതി ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്തെമ്പാടുമായി 248 പി.എഫ്.ഐ പ്രവർത്തകരുടെ സ്വത്ത് വകകൾ ആണ് ഹർത്താലാക്രമണ കേസുകളുമായി ബന്ധപ്പെട്ട് ജപ്തി ചെയ്തത്.

Share this story