സംസ്ഥാനത്തെ ലഹരിക്കടത്തില്‍ 1681 പേരുടെ പട്ടിക തയ്യാറാക്കി പോലീസ്; 162 പേരെ കരുതല്‍ തടങ്കലില്‍ വെക്കാനുള്ള ശുപാർശയും സർക്കാരിന് നൽകി

police
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ലഹരി മരുന്നുകള്‍ എത്തിക്കുന്നതില്‍ മുഖ്യ കണ്ണികളായ 1681 പേരുടെ പട്ടിക തയ്യാറാക്കി പോലീസ്. സ്ഥിരം കുറ്റവാളികളുടെ പട്ടികയാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. ലഹരി കടത്തുകാരില്‍ 162 പേരെ കരുതല്‍ തടങ്കലില്‍ വെക്കാനുള്ള ശുപാർശയും പോലീസ് സര്‍ക്കാരിന് നല്‍കി.

സംസ്ഥാനത്ത് ലഹരി കടത്തുകയും വില്‍പ്പന നടത്തുകയും ചെയ്തതിന് പൊലീസും എക്‌സൈസും ആയിരക്കണക്കിന് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരി കേസില്‍  ഈ വര്‍ഷം ഒക്ടോബര്‍ വരെ 24,779 പേരെ പോലീസ് മാത്രം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന ലഹരി കടത്തുകാരില്‍ നിന്നും ചില്ലറ വില്‍പ്പനയ്ക്കായി വാങ്ങുന്നവരും ക്യാരിയര്‍മാരുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. അതേ സമയം സംസ്ഥാനത്ത് ലഹരിമാഫിയെ നിയന്ത്രിക്കുന്നുവെന്ന് കണ്ടെത്തിയവരുടെ പട്ടികയാണ് പ്രത്യേകം തയ്യാറാക്കിയത്. വന്‍തോതില്‍ ലഹരി കടത്തി വില്‍പ്പന നടത്തുന്നവര്‍, നിരവധി പ്രാവശ്യം ലഹരി കേസില്‍ ഉള്‍പ്പെടുന്നവര്‍, രാജ്യാന്തര ബന്ധമുള്ളവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരെയാണ് പ്രത്യേകപട്ടികയില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്. 1681 പേരുടെ പട്ടികയാണ് ക്രമസമാധാന ചുമതലയുള്ള എഡിപിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയത്. 
സ്ഥിരം കുറ്റവാളികളെ ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും.നാര്‍ക്കോട്ടിക് നിയമ പ്രകാരം പട്ടികയിലുള്ള 162 പേരെ കരുതല്‍ തടങ്കില്‍ പാര്‍പ്പിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ലഹരി കടത്തിലൂടെ സ്വത്തു സമ്പാദനം നടത്തിയവര്‍ എറണാകുളത്താണ് കൂടുതല്‍. 65 പേര്‍ ലഹരി കടത്തിലൂടെ സ്വത്തു സമ്പാദനം നടത്തിയെന്നാണ് കണ്ടെത്തല്‍
ജില്ലാ പൊലിസ് മേധാവിമാരുടെ നേതൃത്വത്തില്‍ ഇന്റലിജന്‍സിന്റെ കൂടി സഹായത്തോടെ അതീവ രഹസ്യമാക്കിയാണ് ഓരോ ജില്ലയിലും പട്ടിക തയ്യാറാക്കി കൈമാറിയത്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ ലഹരികടത്തുകാരുള്ളതെന്നാണ് പോലീസ് കണക്ക്. 465 പേരാണ് പട്ടികയിലുള്ളത്. വയനാടും കാസര്‍ഗോഡും 210 പേരുണ്ട്. കൊല്ലം സിറ്റിയില്‍ 189 പേരുണ്ട്. കോഴിക്കോട് റൂറലില്‍ 184 കുറ്റവാളികളും പട്ടികയിലുണ്ട്.

 
 

Share this story