നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതകം: 88-ാം നാള്‍ കുറ്റപത്രം സമർപ്പിച്ച് പോലീസ്

 നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതകം: 88-ാം നാള്‍ കുറ്റപത്രം സമർപ്പിച്ച് പോലീസ് 
 
നിലമ്പൂര്‍: മൈസൂരു സ്വദേശി നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസെടുത്ത് 88-ാം ദിവസമാണ്  3,177 പേജുകളുള്ള കുറ്റപത്രം വെള്ളിയാഴ്ച നിലമ്പൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.  90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനായതിനാല്‍ റിമാന്‍ഡിലുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒഴിവാകും. നിലമ്പൂര്‍ സ്വദേശി ഷൈബിന്‍ അഷ്‌റഫാണ് പ്രധാന പ്രതി. പ്രതിപ്പട്ടികയിലുള്ള പന്ത്രണ്ടുപേരില്‍ മൂന്നുപേരെ പിടികൂടാനുണ്ട്. കൊലപാതകം തെളിയിക്കുന്ന ശാസ്ത്രീയതെളിവുകളും സാഹചര്യത്തെളിവുകളുമാണ് കുറ്റപത്രത്തില്‍ പോലീസ് നിരത്തിയിരിക്കുന്നത്. തൃശ്ശൂര്‍ ഫൊറന്‍സിക് ലാബില്‍നിന്ന് കിട്ടിയ പരിശോധനാ റിപ്പോര്‍ട്ടും കുറ്റപത്രത്തിലുണ്ട്. കേസില്‍ 107 സാക്ഷികളാണുള്ളത്. കുറ്റപത്രം സമര്‍പ്പിച്ച സഹചര്യത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ ലഭ്യമാക്കാനുള്ള നടപടികള്‍ തുടങ്ങി.  ഷാബാ ഷെരീഫിനെ ഷൈബിന്‍ അഷ്‌റഫ് മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന് ഒന്നേകാല്‍ വര്‍ഷത്തോളം വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി വെട്ടിനുറുക്കി ചാലിയാറില്‍ തള്ളിയെന്നാണ് കേസ്. കൊലപാതകവുമായി നേരിട്ടുബന്ധമുള്ള ഒന്‍പതുപേരെ ഇതിനകം അറസ്റ്റുചെയ്തു. ഇതില്‍ മൂന്നുപേര്‍ പ്രതികളെ സഹായിച്ചവരാണ്. ഷാബാ ഷെരീഫിന്റെ മൃതദേഹത്തിനായി ചാലിയാറില്‍ നാവികസേനയുള്‍പ്പെടെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.

Share this story