സംരംഭകരെ കേട്ട് മന്ത്രി;പരിഗണിച്ചത് 38 പരാതികള്‍

 സംരംഭകരെ കേട്ട് മന്ത്രി;പരിഗണിച്ചത് 38 പരാതികള്‍
 

വയനാട്: ജില്ലയിലെ വ്യവസായ സംരംഭകരുടെ ആത്മവിശ്വാസം ഉയര്‍ത്തി വ്യവസായ വാണിജ്യ മന്ത്രി പി. രാജീവിന്റെ മീറ്റ് ദ മിനിസ്റ്റര്‍ പ്രോഗ്രാം. കോവിഡും പ്രളയകെടുതികളും നല്‍കിയ സാമ്പത്തിക പരാധീനതകളെ അതിജീവിച്ചെത്തിയ സംരംഭകര്‍ക്ക് മന്ത്രിയുടെ നിര്‍ദ്ദേശങ്ങളും ഇടപെടലുകളും പുതിയ പ്രതീക്ഷയായി. കാര്‍ഷിക ജില്ലയായ വയനാടിന്റെ യുവത്വം സംരംഭകത്വത്തിലേക്കും ചുവടുറപ്പിക്കുന്നതിന്റെ ലക്ഷണങ്ങളും മീറ്റില്‍ പ്രതിഫലിച്ചു.

കല്‍പ്പറ്റ ഇന്ദ്രിയ ഹാളിന്‍ നടന്ന പരിപാടിയിലാണ് മന്ത്രി സംരംഭകരുടെ പ്രശ്‌നങ്ങളും പരാതികളും നേരില്‍ കേട്ടതും പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും. നേരത്തെ രജിസ്റ്റര്‍ ചെയ്ത 38 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 14 എണ്ണം തീര്‍പ്പാക്കി. 24 എണ്ണം തുടര്‍ നടപടികള്‍ക്കായി മാറ്റി. പുതിയതായി ലഭിച്ച 25 പരാതികള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂമി, ബാങ്ക്, വായ്പ തിരിച്ചടവ്, സംബന്ധമായ പരാതികളാണ് അദാലത്തിലേക്ക് എത്തിയത്. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കെഎസ്ഇബി, പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ലേബര്‍, ഫയര്‍ ആന്റ് സേഫ്റ്റി, മൈനിങ്ങ് ആന്റ് ജിയോളജി തുടങ്ങിയ വിവിധ വകുപ്പുകളുടെ മേധാവികളും ബാങ്ക് പ്രതിനിധികളും മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ എത്തിയിരുന്നു.

കോവിഡ് പ്രതിസന്ധിയില്‍ നിര്‍മ്മാണ നിലച്ചു പോയതും ഇപ്പോള്‍ പരിമിതമായി ഉദ്പാദനം ആരംഭിച്ചതുമായ സഞ്ചി നിര്‍മ്മാണ യൂണിറ്റ് വിപണന സഹായം തേടി സമര്‍പ്പിച്ച അപേക്ഷയില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സഹായ സാധ്യത പരിശോധിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. പുനരുജ്ജീവനവും പുനരധിവാസവും പദ്ധതി പ്രകാരം യൂണിറ്റിന് ധനസഹായം നല്‍കുന്നതിനും അദാലത്തില്‍ നടപടി സ്വീകരിച്ചു. പ്രകൃതി ക്ഷോഭം മൂലം സ്ഥാപനം നശിച്ചതിനാല്‍ ലോണ്‍ അടക്കാന്‍ ബുദ്ധിമുട്ടിയ സംരംഭകയുടെ അപേക്ഷയില്‍ എന്‍ ഊരില്‍ മില്‍മ ബൂത്ത് തുടങ്ങുന്നതിന് അനുമതി ലഭിക്കുന്നതിനനുസരിച്ച് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിക്കുമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരാതി തീര്‍പ്പാക്കി.

ഡബ്ല്യു.സി.എസ് പട്ടയഭൂമികളിലെ വ്യവസായ സംരംഭം ആരംഭിക്കുന്നതിന് ലൈസന്‍സ് ലഭ്യമാക്കുന്നത് സംബന്ധിച്ച് ലഭ്യമായ പരാതികളില്‍ വിശദമായി പരിശോധിച്ച് പൊതുവായ മാനദണ്ഡപ്രകാരം തീരുമാന ങ്ങളെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ആവശ്യമുള്ള പരാതികളില്‍ പരിശോധന നടത്താന്‍ മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വായ്പകളില്‍ ഇളവ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളില്‍ കെ.എഫ്.സി, ബന്ധപ്പെട്ട ബാങ്കുകളോടും നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

ജില്ലയുടെ വ്യവസായ നിക്ഷേപക സാധ്യതകള്‍ വിശകലനം ചെയ്യുന്നതിന് മന്ത്രി ജില്ലയിലെ എം.എല്‍മാരുമായും ചര്‍ച്ച നടത്തി. എം.എല്‍.എമാരായ ഒ.ആര്‍ കേളു, ടി.സിദ്ദിഖ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലയുടെ വികസന സാധ്യതകളും പ്രയാസങ്ങളും ജനപ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചു. വയനാട്ടിലെ ഉല്‍പന്നങ്ങളും സാധ്യതകളും ബ്രാന്‍ഡ് ചെയ്യുന്നതടക്കമുളള വിവിധ വിഷയങ്ങളും അവര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് വിവിധ മേഖലകളില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരുമായും മന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തി.

Share this story