Times Kerala

 വീട് വാടകയ്ക്കെടുത്ത് കംപ്യൂട്ടറും പ്രിന്ററും ഉപയോഗിച്ച് കള്ളനോട്ട് നിർമാണം ; അമ്മയും മകളും അറസ്റ്റിൽ 

 
 വീട് വാടകയ്ക്കെടുത്ത് കംപ്യൂട്ടറും പ്രിന്ററും ഉപയോഗിച്ച് കള്ളനോട്ട് നിർമാണം ; അമ്മയും മകളും അറസ്റ്റിൽ 
 


കോട്ടയം: വീട് വാടകയ്ക്കെടുത്ത് കംപ്യൂട്ടറും പ്രിന്ററും ഉപയോഗിച്ച് കള്ളനോട്ട് നിർമാണം നടത്തിവന്ന അമ്മയും മകളും ഒടുവിൽ പോലീസ് പിടിയിലായി. ആലപ്പുഴ അമ്പലപ്പുഴ കലവൂർ ക്രിസ്തുരാജ് കോളനിയിൽ പറമ്പിൽ വീട്ടിൽ വിലാസിനി (68), മകൾ ഷീബ(34) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. കോട്ടയം കുറിച്ചി കാലായിപ്പടിയിൽ വീട് വാടകയ്ക്കെടുത്തായിരുന്നു കള്ളനോട്ട് നിർമാണം. കഴിഞ്ഞദിവസം കോട്ടയം നഗരത്തിലെ കടയിൽ ലോട്ടറി വാങ്ങാനെന്ന വ്യാജേനയെത്തി കള്ളനോട്ട് മാറാൻ ശ്രമിക്കുന്നതിനിടെയാണ് വിലാസിനി പിടിയിലായത്. ഇവരുടെ ബാഗിൽനിന്ന് 100 രൂപയുടെ 14 വ്യാജ നോട്ടുകൾ പിടിച്ചെടുത്തിരുന്നു. തുടർന്ന് ഇവരുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ കട്ടിലിനടിയിൽ ഒളിച്ചുവെച്ചിരുന്ന 500 രൂപയുടെ മുപ്പത്തൊന്നും 200 രൂപയുടെ ഏഴും, 100 രൂപയുടെ നാലും, 10 രൂപയുടെ എട്ടും വ്യാജനോട്ടുകളും, നോട്ട് നിർമാണത്തിനുപയോഗിച്ചിരുന്ന ലാപ്ടോപ്പും, പ്രിന്ററും, സ്കാനറും പിടിച്ചെടുത്തു. 

ഗൂഗിളിൽ സെർച്ച് ചെയ്തു പഠിച്ചാണ് കള്ളനോട്ടുകൾ ഉണ്ടാക്കിയതെന്ന് മകൾ പോലീസിനോട് പറഞ്ഞു. ഇത് അമ്മ ലോട്ടറി കച്ചവടക്കാർക്കും, മാർക്കറ്റിലെ മറ്റ് ചെറുകിട കച്ചവടക്കാർക്കും കൊടുത്തു മാറുകയായിരുന്നുവെന്നും ചോദ്യംചെയ്യലിൽ മകൾ പോലീസിനോട് പറഞ്ഞു.ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. എസ്.ഐ. ടി. ശ്രീജിത്ത്, സി.പി.ഒ.മാരായ എ.സി. ജോർജ്, മഞ്ജുള, സി.എച്ച്. ഷാഹിന, എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡുചെയ്തു.

Related Topics

Share this story