നായകന് വേണ്ടി ചുമരെഴുത്തി നാട്ടുകാർ ; 'മൈ നെയിം ഈസ് അഴകൻ' സെപ്റ്റംബർ 30നു റിലീസ്

 നായകന് വേണ്ടി ചുമരെഴുത്തി നാട്ടുകാർ ; 'മൈ നെയിം ഈസ് അഴകൻ' സെപ്റ്റംബർ 30നു റിലീസ്
 

ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത്തിന്റെ നിർമ്മാണത്തിൽ ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന കോമഡി ഫാമിലി എന്റെർറ്റൈനെർ 'മൈ നെയിം ഈസ് അഴകൻ' സെപ്റ്റംബർ 30നു തിയേറ്ററുകളിൽ എത്തും.

ചുമരെഴുത്തുകൾ സാധാരണയായി നാം കാണാറുള്ളത് രാഷ്ട്രീയപാർട്ടികളുടെ പരിപാടികളുമായി ബന്ധപ്പെട്ടൊ അല്ലെങ്കിൽ ഇലക്ഷൻ പ്രചരണത്തിന് വേണ്ടിയോ ആണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ചുമരെഴുത്ത് നടത്തിയിരിക്കുകയാണ് തൃക്കാക്കരയിലെ നാട്ടുകാർ അവരുടെ നാട്ടിലെ നായകന് വേണ്ടി. ബിനു തൃക്കാക്കരനായ നായകനാകുന്ന സിനിമ 'മൈ നെയിം ഈസ് അഴകൻ' എന്ന ചിത്രം റിലീസിന് മുന്നോടിയായാണ് നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ചുമരെഴുത്ത് നടത്തിയിരിക്കുന്നത്. ആദ്യമായിട്ടാകും ഒരു സിനിമ പ്രദർശനത്തിന് എത്തുമ്പോൾ ഇത്തരത്തിൽ നായകന് ആദരം നൽകുന്നത്.

ഒരു യമണ്ടൻ പ്രേമകഥയ്ക്കുശേഷം ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന മൈ നെയിം ഈസ് അഴകനിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫർ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണ പ്രഭ എന്നിങ്ങനെ ഒരു പിടി നല്ല കലാകാരന്മാർ അണിനിരക്കുന്നുണ്ട്. ദി പ്രീസ്റ്റ്, ഭീഷ്മപർവ്വം, സിബിഐ 5, കാവൽ, അജഗജാന്തരം എന്നീ ചിത്രങ്ങളുടെ ഇന്ത്യക്ക് പുറത്തുള്ള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിട്ടുള്ള ട്രൂത്ത് ഫിലിംസ് നിർമ്മിക്കുന്ന ആദ്യ സിനിമയാണ് 'മൈ നെയിം ഈസ് അഴകൻ'. ഗോൾഡ്, റോർഷാച്ച്, ക്രിസ്റ്റഫർ എന്നീ ചിത്രങ്ങളാണ് ട്രൂത്ത് ഫിലിംസ് വിതരണത്തിനെത്തിക്കുന്ന അടുത്ത ചിത്രങ്ങൾ.

നിരവധി കോമഡി ഷോകളിലും സിനിമകളിൽ സഹവേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. ബിനു തൃക്കാക്കര തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഫൈസൽ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.  ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങൾക്ക് ദീപക് ദേവ്, അരുൺ രാജ് എന്നിവർ ചേർന്ന് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബിജു കടവൂർ, ഫിനാൻസ് കൺട്രോളർ അരീബ് റഹ്മാൻ എന്നിവരാണ്. പി ആർ ഒ: വൈശാഖ് സി വടക്കേവീട്.


 

Share this story