Times Kerala

 ലിഗ കൊലക്കേസ്: പ്രോസിക്യൂഷന് വൻ തിരിച്ചടി; കെമിക്കൽ എക്‌സാമിനർ കൂറുമാറി

 
 ലിഗ കൊലക്കേസ്: പ്രോസിക്യൂഷന് വൻ തിരിച്ചടി; കെമിക്കൽ എക്‌സാമിനർ കൂറുമാറി
 
തിരുവനന്തപുരം: വിദേശ വനിത ലിഗ കൊലക്കേസിൽ പ്രോസിക്യൂഷന് വൻ തിരിച്ചടി. കേസിൽ വിസ്താരം നടക്കവേ തിരുവനന്തപുരം കെമിക്കൽ ലബോറട്ടറിയിലെ ​മുൻ ​അസി.കെമിക്കൽ എക്‌സാമിനർ അശോക് കുമാർ കൂറുമാറി. ലിഗയുടെ ശരീരത്തിൽ കണ്ടെത്തിയ വെള്ളം പരിശോധിച്ചാൽ മുങ്ങി മരിക്കുന്ന ഒരാളിൽ കണ്ടെത്തുന്ന ഘടകങ്ങൾ ഉണ്ടായിരുന്നതായി സാക്ഷി മൊഴി നൽകി.ലിഗയുടെ ശരീരത്തിൽ കണ്ടെത്തിയ ഏകകോശ ജീവികളും, ആറ്റിലെ വെള്ളത്തിലെ ഏകകോശ ജീവികകളും സമാനമായിരുന്നു. സാധാരണ മുങ്ങി മരണത്തിൽ ഇത്തരം അവസ്ഥകൾ കാണാറുണ്ടെന്നും അതിനാൽ മുങ്ങി മരണ സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും സാക്ഷി മൊഴി നൽകി.കൂടാതെ മരണപ്പെട്ട ലിഗയുടെ ശരീരത്തിൽ നിന്നും പ്രതികളുടെ ബീജം കണ്ടെത്തുവാൻ കഴിഞ്ഞില്ലെന്നും സാക്ഷി പറഞ്ഞു. ഇതോടെ രണ്ടാമത്തെ സാക്ഷിയാണ് കേസിൽ കൂറുമാറുന്നത്. ഏഴാം സാക്ഷിയായ കച്ചവടക്കാരൻ ഉമ്മർ ഖാൻ നേരത്തെ മൊഴിമാറ്റിയിരുന്നു. 2018 മാർച്ച് 14ന് കോവളത്ത് നിന്നു യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിൽ കൂട്ടിക്കൊണ്ടുപോയി ലഹരി വസ്‌തു നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ രണ്ടു പ്രതികൾ.

Related Topics

Share this story