Times Kerala

 ടൂറിസം മേഖലയിലെ 'തലവര' മാറ്റാന്‍  കുമ്പളം ഗ്രാമപഞ്ചായത്ത്

 
 ടൂറിസം മേഖലയിലെ 'തലവര' മാറ്റാന്‍  കുമ്പളം ഗ്രാമപഞ്ചായത്ത്
 

എറണാകുളം: ഗ്രാമീണ ടൂറിസം സാധ്യതകള്‍ വളരുന്നതിന്റെ ഗുണങ്ങളെ ഏറ്റെടുത്ത് 'തലവര' മാറ്റാന്‍ ഉറപ്പിച്ചിരിക്കുകയാണ് കുമ്പളം ഗ്രാമപഞ്ചായത്ത്. ടൂറിസം മാപ്പില്‍ ജനപ്രിയ ഇടമാകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഈ മാസം 27 ന് ജലോത്സവം സംഘടിപ്പിക്കാനിരിക്കെ റോഡിന്റെ ഇരുവശവുമുള്ള മതിലുകള്‍ ചിത്രങ്ങള്‍ കൊണ്ട് മനോഹരമാക്കുകയാണ് ഇവിടത്തുകാര്‍. ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച ചുമര്‍ ചിത്ര നിര്‍മാണം അവസാന ഘട്ടത്തിലാണ്. ദേശീയ പാതയില്‍ മാടവന മുതല്‍ പനങ്ങാട് വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദൂരം പൂര്‍ണമായും ചിത്രങ്ങളാല്‍ മനോഹരമാക്കി കൊണ്ടിരിക്കുകയാണ്. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ചിത്രകാരന്മാര്‍ക്കൊപ്പം പ്രദേശവാസികളും ചേര്‍ന്നാണ് ചുമര്‍ ചിത്രങ്ങള്‍ തയ്യാറാക്കുന്നത്. പ്രദേശത്തിന്റെ പ്രാദേശിക ചരിത്രത്തോടൊപ്പം സ്ത്രീ സുരക്ഷ, ലഹരി വിരുദ്ധ സന്ദേശങ്ങള്‍ എന്നിവയുമുള്‍ക്കൊള്ളിച്ചാണ് ചുമര്‍ ചിത്രങ്ങള്‍ ഒരുക്കുന്നത്.

കുമ്പളം ഗ്രാമപഞ്ചായത്തും റോട്ടറി ക്ലബ് ഓഫ് സൗത്ത് കൊച്ചി, തണല്‍ ഫൗണ്ടേഷന്‍ എന്നിവര്‍ സംയുക്തമായാണ് നവംബര്‍ 27 ന് ജലോത്സവം സംഘടിപ്പിക്കുന്നത്. ജലോത്സവത്തിന്റെ ഭാഗമായി ചേപ്പനം ചാത്തമ്മ പനങ്ങാട് കായല്‍ ശുചീകരണമുള്‍പ്പടെ നടത്തിക്കഴിഞ്ഞു. 12  കിലോമീറ്ററോളം ചുറ്റളവിലാണ് കായല്‍ ശുചീകരിച്ചത്. ഈ ഭാഗത്തെ പായലും പോളയും നീക്കം ചെയ്യുന്നതിനൊപ്പം പഴയ മരക്കുറ്റികളും നീക്കം ചെയ്തു കഴിഞ്ഞു.

    ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണന്‍, പനങ്ങാട് ജലോത്സവം കണ്‍വീനര്‍ വി.ഒ ജോണി, റോട്ടറി ക്ലബ് കൊച്ചി സൗത്ത് പ്രസിഡന്റ് അഡ്വ. ജോളി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Related Topics

Share this story