അഞ്ചു കോടിയുടെ നബാർഡ് പദ്ധതിയിൽ കോവിലകത്തുംകടവ് റോഡും

അഞ്ചു കോടിയുടെ നബാർഡ് പദ്ധതിയിൽ കോവിലകത്തുംകടവ് റോഡും
 

എറണാകുളം: വൈപ്പിൻ മണ്ഡലത്തിലെ വിവിധ റോഡുകൾക്കായി ഭരണാനുമതി ലഭിച്ച അഞ്ചുകോടി രൂപയുടെ നബാർഡ് പദ്ധതിയിൽ പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ കോവിലകത്തുംകടവ് റോഡിനെയും ഉൾപ്പെടുത്തിയതായി കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ. 

പശ്ചാത്തല സൗകര്യ വികസനത്തിൽ വലിയ ചുവടുവയ്‌പ്പാകുന്ന നബാർഡ് പദ്ധതിയിൽ പള്ളിപ്പുറം പഞ്ചായത്തിലെ തന്നെ എഴിഞ്ഞാംകുളം - തിരുമനാംകുന്ന് റോഡ്, വാർഡ് 17ലെ ബേക്കറി ഈസ്റ്റ് റോഡ്, എടവനക്കാട് പഞ്ചായത്തിലെ വാർഡ് അഞ്ചിൽ തെക്കേ മേത്തറ റോഡ് എന്നിവ ഉൾപ്പെടുന്നു.

പള്ളിപ്പുറത്തെ ഏഴ്, എട്ട്, ഒൻപത്, പത്ത് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് എഴിഞ്ഞാംകുളം - തിരുമനാംകുന്ന് റോഡ്. റോഡുകളുടെ പുനരുദ്ധാരണം, ആധുനികവത്കരണം, മറ്റ് അനുബന്ധ സൗകര്യങ്ങളൊരുക്കൽ എന്നിവയ്ക്കായാണ് തുക അനുവദിച്ചത്. പദ്ധതി സമയബന്ധിതമായും നിലവാര മാനദണ്ഡങ്ങൾ പൂർണ്ണമായും ഉറപ്പാക്കിയും കാലതാമസം കൂടാതെയും നടപ്പാക്കാൻ നടപടികൾ സ്വീകരിച്ചതായും എംഎൽഎ അറിയിച്ചു.

Share this story