തിരുവനന്തപുരം റൂട്ടിലെ വിജയം ആഘോഷിച്ച് ജസീറ എയര്‍വേയ്സ്

 തിരുവനന്തപുരം റൂട്ടിലെ വിജയം ആഘോഷിച്ച് ജസീറ എയര്‍വേയ്സ്
 

തിരുവനന്തപുരം  : കുവൈറ്റിലെ പ്രമുഖ ചിലവ് കുറഞ്ഞ എയര്‍ലൈനായ ജസീറ എയര്‍വേയ്സ് തിരുവനന്തപുരം റൂട്ടിന്റെ വിജയവും ഇന്ത്യയിലെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും ആഘോഷിച്ചു. നഗരത്തിലെ പ്രാദേശിക വ്യാപാര പങ്കാളികള്‍ക്കും മാധ്യമങ്ങള്‍ക്കുമൊപ്പമായിരുന്നു ആഘോഷം. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് എയര്‍ലൈന്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിച്ചത്. നിലവില്‍ കുവൈറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈ റൂട്ടിലൂടെ, ജസീറ എയര്‍വേയ്‌സ്  വലിയൊരു വിഭാഗം പ്രവാസികള്‍ക്ക് കുവൈറ്റിലേക്കും ജിസിസിയിലെ മറ്റ് രാജ്യങ്ങളിലേക്കും ചെലവ് കുറഞ്ഞതും നേരിട്ടുള്ളതുമായ യാത്ര വാഗ്ദാനം ചെയ്യുന്നു.

യാത്രക്കാര്‍ക്ക് മികച്ച കണക്റ്റിവിറ്റി നല്‍കുന്ന സ്ഥലങ്ങളിലേക്ക് ന്യായമായ നിരക്കില്‍ സര്‍വീസ് നടത്താന്‍ ഞങ്ങള്‍ താല്‍പ്പര്യപ്പെടുന്നു. കുവൈറ്റിലെയും മറ്റു പ്രദേശങ്ങളിലെയും പ്രവാസികളുടെയും ബിസിനസ് യാത്രക്കാരുടെയും ആവശ്യം നിറവേറ്റുന്നതിനായി കേരളത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ തിരുവനന്തപുരത്തേക്ക് പറക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്-ജസീറ എയര്‍വേയ്സ് സൗത്ത് ഏഷ്യ റീജിയണല്‍ മാനേജര്‍ റൊമാന പര്‍വി പറഞ്ഞു.

2017 ഒക്ടോബറില്‍ ഹൈദരാബാദിലേക്ക് ഫ്ളൈറ്റ് ആരംഭിച്ച്  ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ ജസീറ എയര്‍വേയ്സ് ഇന്ത്യയില്‍ വിജയകരമായ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ എട്ട് പ്രധാന നഗരങ്ങളിലേക്ക് എയര്‍ലൈന്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി എന്നിവയാണ് മറ്റു നഗരങ്ങള്‍.

Share this story