Times Kerala

 ജൽ ജീവൻ മിഷൻ:  സർക്കാർ പുറമ്പോക്ക് ഭൂമിയുടെ ഉപയോഗാനുമതി വാട്ടർ അതോറിറ്റിക്ക് 

 
 ജൽ ജീവൻ മിഷൻ:  സർക്കാർ പുറമ്പോക്ക് ഭൂമിയുടെ ഉപയോഗാനുമതി വാട്ടർ അതോറിറ്റിക്ക് 
 

എറണാകുളം: കേരള വാട്ടർ അതോറിറ്റി നടപ്പാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ ആവശ്യത്തിനായി സർക്കാർ പുറമ്പോക്ക് ഭൂമി ഉപയോഗിക്കാനുള്ള അനുമതി വാട്ടർ അതോറിറ്റിക്ക് നൽകി ജില്ലാ കളക്ടർ ജാഫർ മാലിക് ഉത്തരവിട്ടു. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിന് ആയിരിക്കും. ഗ്രാമ പ്രദേശങ്ങളിൽ 50 സെന്റ് ഭൂമി വരെയും നഗരസഭ പരിധിയിൽ 25 സെന്റ് ഭൂമി വരെയും കോർപ്പറേഷൻ പരിധിയിൽ 10 സെന്റ് ഭൂമി വരെയും അനുവദിക്കും.

ജില്ലയിൽ 285.47 സെന്റ് സർക്കാർ ഭൂമിയും 65 സെന്റ് പഞ്ചായത്ത്‌ ഉടമസ്ഥതയിലുള്ള ഭൂമിയുമാണ് വാട്ടർ അതോറിറ്റിക്ക് ഉപയോഗിക്കാനായി കൈമാറുന്നത്. മുവാറ്റുപുഴ വാട്ടർ അതോറിറ്റി പ്രൊജക്റ്റ്‌ ഡിവിഷന് കീഴിൽ ഇലഞ്ഞി, വാളകം, കല്ലൂർക്കാട് വില്ലേജുകളിലും പെരുമ്പാവൂർ വാട്ടർ അതോറിറ്റി പ്രൊജക്റ്റ് ഡിവിഷന് കീഴിൽ ചേലാമറ്റം, അശമന്നൂർ, വേങ്ങൂർ വെസ്റ്റ്, കൊമ്പനാട്, അറക്കപ്പടി, വേങ്ങൂർ, കൊമ്പനാട്, ഐക്കരനാട്, മഴുവന്നൂർ, ഐക്കരനാട് നോർത്ത് വില്ലേജുകളിലും  കട്ടപ്പന വാട്ടർ അതോറിറ്റി പ്രൊജക്റ്റ്‌ ഡിവിഷന് കീഴിൽ എനാനെല്ലൂർ, പിറവം, മാറാടി, കീരമ്പാറ, പോത്താനിക്കാട് വില്ലേജുകളിലും സർക്കാർ ഭൂമി കൈമാറും.

മൂവാറ്റുപുഴ വാട്ടർ അതോറിറ്റി പ്രൊജക്റ്റ്‌ ഡിവിഷന് കീഴിൽ കോട്ടപ്പടി, പെരുമ്പാവൂർ വാട്ടർ അതോറിറ്റി പ്രൊജക്റ്റ്‌ ഡിവിഷന് കീഴിൽ ചെങ്ങമനാട്, പാറക്കടവ് വില്ലേജുകളിലും കൊച്ചി വാട്ടർ അതോറിറ്റി പ്രൊജക്റ്റ്‌ ഡിവിഷന് കീഴിൽ അശമന്നൂർ, ഐക്കരനാട് സൗത്ത്, മണക്കുന്നം വില്ലേജുകളിൽ പഞ്ചായത്ത്‌ ഉടമസ്ഥതയിലുള്ള  ഭൂമി കൈമാറാനും ഉത്തരവായിട്ടുണ്ട്.

കേരള വാട്ടർ അതോറിറ്റി സേവനവകുപ്പ് അല്ലാത്തതിനാൽ ജൽ ജീവൻ മിഷൻ പദ്ധതിക്ക് ആവശ്യമായ ഭൂമി കൈമാറാൻ സാധിക്കുമായിരുന്നില്ല. ജൽ ജീവൻ മിഷൻ സർക്കാരിന്റെ മുൻഗണന പദ്ധതി ആയതിനാലും കുടിവെള്ള  വിതരണ പദ്ധതിയായതിനാലും ഭൂമി ഉപയോഗ അനുമതിക്കായി നൽകാൻ തീരുമാനിക്കുകയായിരുന്നു.

Related Topics

Share this story