അന്തർസംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ പരിശോധന
Tue, 24 Jan 2023

പാലക്കാട്: ശുചിത്വം ഉറപ്പാക്കാൻ അന്തർസംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ നഗരസഭ ഹെൽത്ത്, റവന്യൂ, എൻജിനീയറിങ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. ഭാരതപ്പുഴയുടെ സമീപം താമസിക്കുന്നതിനാൽ പുഴയിലേക്ക് കക്കൂസ് മാലിന്യം ഉൾപ്പെടെ തള്ളുന്നുവെന്ന് പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകളുടെയും വീടുകളുടെയും ഉടമസ്ഥരുടെ യോഗം നഗരസഭ വിളിച്ചു ചേർത്തിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ, കെട്ടിടങ്ങളുടെ രേഖകൾ, മാലിന്യം ശേഖരിക്കാനുള്ള സംവിധാനം, അവ സംസ്കരിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയവ ഉദ്യോഗസ്ഥർ പരിശോധിച്ചു. കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നോട്ടീസ് നൽകി. 15 ദിവസത്തിനുള്ളിൽ വിഷയങ്ങൾ പരിഹരിച്ച് നഗരസഭ ഓഫിസിൽ റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം നൽകി. അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഇരുപതിനായിരത്തിലധികം തൊഴിലാളികൾ നഗരസഭ പരിധിയിൽ താമസിക്കുന്നുണ്ടെന്നാണ് ലഭ്യമായ കണക്ക്.