നൈപുണ്യ വികസനത്തിന് ഊന്നലുമായി ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്

 നൈപുണ്യ വികസനത്തിന് ഊന്നലുമായി ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്
 ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നൈപുണ്യ പരിശീലനത്തിന് ഊന്നല്‍ നല്‍കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങളിലൊന്നാണ്. അത്യാധുനിക യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് പോളിടെക്‌നിക് ക്യാമ്പസുകളില്‍ ഉല്‍പ്പാദനം നടത്തുകയും അതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വരുമാനവും ഉറപ്പുവരുത്തുകയും ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള 'അസാപ്' മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഇന്‍ഡസ്ടി ഓണ്‍ ക്യാമ്പസ്. 2019ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. സംസ്ഥാനത്തെ 41 സര്‍ക്കാര്‍ പോളി ടെക്‌നിക്കുകളിലായി 6.5 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചത്. 
പാഠ്യപദ്ധതിയ്ക്ക് അനുസൃതമായി ക്യാംപസുകളില്‍ വ്യവസായങ്ങളുടെ യഥാര്‍ത്ഥ മാതൃക സൃഷ്ടിച്ച് വിദ്യാര്‍ത്ഥികള്‍ക്കു പ്രായോഗിക അറിവ് ആര്‍ജ്ജിക്കാനുള്ള അവസരമൊരുക്കുന്നത് പദ്ധതിയുടെ ഭാഗമാണ്. സി.എല്‍.സി, വെര്‍ട്ടിക്കല്‍ വെല്‍ഡിങ്, ലേസര്‍ കട്ടര്‍, വെല്‍ഡിങ് സ്റ്റേഷന്‍, റോബോട്ടിക്‌സ് ലാബ് തുടങ്ങിയ ഉയര്‍ന്ന നിലവാരത്തിലുള്ള ഉപകരണങ്ങള്‍, ആധുനിക യന്ത്രങ്ങള്‍ തുങ്ങിയവ പോളി ടെക്‌നിക്കുകളില്‍ സജ്ജമാക്കി. പഠനത്തോടൊപ്പം തന്നെ തൊഴില്‍പരിശീലനം നല്‍കുകവഴി മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക, സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസില്‍ നിന്നുമുള്ള വരുമാനത്തിന്റെ അമ്പത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും.
പഠനത്തോടൊപ്പം വരുമാനം നേടുന്നതിനൊപ്പം പഠനം കഴിഞ്ഞിറങ്ങുമ്പോള്‍ തന്നെ ജോലി ചെയ്തതിന്റെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസ് വിട്ടിറങ്ങാന്‍ പറ്റുമെന്നത് വലിയ നേട്ടമാണ്. വ്യവസായശാലകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഈ പരിശീലനവും ഉല്‍പ്പാദനവും മികച്ച തൊഴിലവസരങ്ങള്‍ കൈവരിക്കുവാനും സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുവാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കും. ഉപരിപഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന അഭ്യസ്ഥവിദ്യരായവര്‍ക്ക് ഏതു സ്ഥാപനത്തിലും ജോലി ചെയ്യാന്‍ കഴിയും വിധമാണ് ഇന്റേണ്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഇന്റേണ്‍ഷിപ് ചെയ്യുന്നവര്‍ക്കു സര്‍ക്കാര്‍ പ്രതിമാസം 5,000 രൂപ വീതം നല്‍കും. ചുരുങ്ങിയത് ഇത്രയും തുകയോ കൂടുതലോ സ്ഥാപന ഉടമയും നല്‍കണം. പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്നവര്‍ക്ക് തുടക്കത്തില്‍ നേരിടുന്ന അനിശ്ചിതത്വം ഒഴിവാക്കാന്‍ ഇത് പ്രയോജനംചെയ്യും. 
ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് സംരംഭത്തിലൂടെ ഇതുവരെ പോളി ടെക്‌നിക്കുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിലേക്കായി കേരളത്തിലെ 41 പോളിടെക്‌നിക്കുകളിലായി 692,99,607.95 രൂപയുടെ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ സാധിച്ചു. ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് പരിപാടിയുടെ ഭാഗമായി സംരംഭക യൂണിറ്റുകള്‍ ആരംഭിക്കുകയും അതുവഴി വരുമാനം ഉണ്ടാക്കാനും സാധിച്ചത് മൂന്ന് സ്ഥാപനങ്ങള്‍ക്കാണ്. ഗവ. പോളിടെക്‌നിക്ക് കോളേജ് പാലക്കാട്, ഗവ. പോളിടെക്‌നിക്ക് കോളേജ് ആറ്റിങ്ങല്‍, ഗവ പോളിടെക്‌നിക്ക് കോളേജ് പെരുമ്പാവൂര്‍ എന്നിവയാണവ. 34,07,578 രൂപയാണ് ഇവരുടെ വരുമാനം. കൂടാതെ 21 ഗവ: പോളി ടെക്‌നിക്ക് സ്ഥാപനങ്ങളാണ് വിവിധ വ്യവസായ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ച് നിര്‍മ്മാണത്തിന് സജ്ജമായിരിക്കുന്നത്. 
നവ വൈജ്ഞാനിക സമൂഹം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വ്യവസായ സംരംഭങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിയ്ക്കുന്ന അറിവിനെ, സമൂഹത്തിനു പ്രയോജനപ്രദമായ നൂതന ആശയങ്ങളാക്കി മാറ്റാനും പദ്ധതി ലക്ഷ്യമിടുന്നു.

Share this story