Times Kerala

മാള ബ്ലോക്ക് പഞ്ചായത്തില്‍ ആരോഗ്യമേള ജൂണ്‍ 25ന്

 
319

ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്റ് വെല്‍നസ് പദ്ധതിയുടെ ഭാഗമായി മാള ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള സംഘടിപ്പിക്കുന്നു.ആരോഗ്യവകുപ്പിന്റെയും മാള ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. വിവിധ ആരോഗ്യ സേവനങ്ങള്‍, സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതികള്‍ എന്നിവയെ കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തിയെടുക്കുക എന്നതാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍, ആരോഗ്യ വകുപ്പിന്റെ വിവിധ പദ്ധതികളും സേവനങ്ങളും സംബന്ധിച്ച് അവബോധം നല്‍കല്‍, ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ എന്നിവ മേളയില്‍ ലഭ്യമാകും.

കൂടാതെ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്, ജീവിത ശൈലീരോഗ പരിശോധന, കണ്ണ്-ചെവി പരിശോധന, മലമ്പനി, ത്വക്ക്, ക്ഷയ രോഗങ്ങളുടെ പരിശോധന, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി പ്രത്യേക പരിശോധനകളും ഒരുക്കുന്നുണ്ട്. ജൂണ്‍ 25ന് മാള സെന്റ് ആന്റണീസ് സ്‌കൂളില്‍ നടക്കുന്ന മേള അഡ്വ.വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. റാലിയോടെ ആരംഭിക്കുന്ന മേളയില്‍ ആരോഗ്യസെമിനാര്‍, യോഗ, സെല്‍ഫി കോര്‍ണര്‍, ക്വിസ് മത്സരം, സിഗ്‌നേച്ചര്‍ കാമ്പയിന്‍, വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍, കുടുംബശ്രീ സ്റ്റാള്‍, ഇ സജ്ഞീവനി കണ്‍സല്‍ട്ടേഷന്‍, ലഹരിവിമുക്ത കൗണ്‍സലിംഗ്, മാനസികാരോഗ്യ പരിപാടികള്‍ എന്നിവയും ഒരുക്കുന്നുണ്ട്.
ചടങ്ങില്‍ ആളൂര്‍, മാമ്പ്ര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആളൂര്‍, അന്നമനട പഞ്ചായത്തുകള്‍ക്ക് കൈമാറല്‍ പ്രഖ്യാപനവും ഉണ്ടാവും. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍  അധ്യക്ഷയാവും. എംപിമാരായ ബെന്നി ബെഹനാന്‍, ടി എന്‍ പ്രതാപന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

Related Topics

Share this story