Times Kerala

 ദുരിതാശ്വാസ ക്യാമ്പുകളിൽ സേവനങ്ങളുമായി ആരോഗ്യവകുപ്പ്

 
 ദുരിതാശ്വാസ ക്യാമ്പുകളിൽ സേവനങ്ങളുമായി ആരോഗ്യവകുപ്പ്
 കോട്ടയം: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പറഞ്ഞു. ക്യാമ്പുകളിലെ ആരോഗ്യ സേവനങ്ങൾ വിലയിരുത്താൻ ജില്ലയിലെ 28 ദുരിതാശ്വാസ ക്യാമ്പുകളും ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള സംഘം സന്ദർശിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ. വിദ്യാധരൻ, ജില്ലാ രോഗ നിരീക്ഷണ ഓഫീസർ ഡോ. കെ.കെ. ശ്യംകുമാർ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, ടെക്‌നിക്കൽ അസിസ്റ്റന്റുമാരായ ഇ.കെ. ഗോപാലൻ, എബ്രഹാം മാത്യു, കെ. എൻ. സുരേഷ് കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഡോക്ടറുൾപ്പെടെയുള്ള മെഡിക്കൽ സംഘം എല്ലാദിവസവും ക്യാമ്പുകൾ സന്ദർശിച്ച് രോഗികൾ, ഗർഭിണികൾ, കുട്ടികൾ തുടങ്ങിയവരെ പരിശോധിക്കുന്നുണ്ട്. പ്രമേഹം ഉൾപ്പെടെയുള്ളരോഗങ്ങൾക്കു സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്ക് സൗജന്യമായി മരുന്ന് നൽകുന്നു.
പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ എല്ലാ ക്യാമ്പുകളിലും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പുവരുത്താനുള്ള നടപടി എടുത്തിട്ടുണ്ട്. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്തു. പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേകം താമസിപ്പിക്കാനും കോവിഡ് പരിശോധന നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.
മലിനജലവുമായുള്ള സമ്പർക്കസാധ്യത കണക്കിലെടുത്ത് ക്യാമ്പുകളിലെ എല്ലാ അംഗങ്ങൾക്കും എലിപ്പനി പ്രതിരോധത്തിനുള്ള ഓരോ ഡോസ് ഡോക്‌സിസൈക്ലിൻ ഗുളിക നൽകും. കൂടാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ, മലിന ജലവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട പ്രദേശവാസികൾ തുടങ്ങിയവർക്കും പ്രതിരോധചികിത്സയുടെ ഭാഗമായി ഗുളിക വിതരണം ചെയ്തു.
കിണറുകൾ വെള്ളപ്പൊക്കത്തെ തുടർന്ന് മലിനപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യ പ്രവർത്തകരുടെയും ആശാ പ്രവർത്തകരുടെയും നേതൃത്വത്തിൽ ക്യാമ്പുകളിലെയും പ്രദേശത്തെ വീടുകളിലെയും കിണറുകൾ വെള്ളം ഇറങ്ങുന്ന മുറയ്ക്ക് സൂപ്പർ ക്ലോറിനേറ്റ് ചെയ്യും.

Related Topics

Share this story