Times Kerala

 ‘ജീവനക്കാർക്കെതിരെയുള്ള നടപടികൾക്കു ജീവൻവച്ചു തുടങ്ങിയതിൽ സന്തോഷം’; കെ സുരേന്ദ്രൻ 

 
‘ജീവനക്കാർക്കെതിരെയുള്ള നടപടികൾക്കു ജീവൻവച്ചു തുടങ്ങിയതിൽ സന്തോഷം’; കെ സുരേന്ദ്രൻ
 

തിരുവനന്തപുരം: രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സെക്രട്ടേറിയറ്റ് ജീവനക്കാർക്കെതിരെയുള്ള നടപടികൾക്കു ജീവൻവച്ചു തുടങ്ങിയതിൽ സന്തോഷം ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ . ഇനിയും തുടർനടപടികൾ വേണ്ടിവരുമെന്നുറപ്പാണ്. ഒട്ടുമിക്ക ഉദ്യോഗസ്ഥരെയും നേതാക്കൾ നിർബന്ധിച്ച് സമരത്തിനു കൊണ്ടുപോകുന്നതാണ്. അതുകൊണ്ടാണ് ആദ്യഘട്ടത്തിൽ നേതാക്കൾക്കെതിരെ നടപടിയുമായി നീങ്ങിയത്. സർക്കാർ ഉദ്യോഗസ്ഥർ വിവേകമില്ലാത്ത നടപടികളിൽ നിന്നു പിന്മാറണമെന്നാണ് പൊതുജനം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി.

കുറിപ്പിന്റെ പൂർണരൂപം:

സർക്കാർ ജീവനക്കാർ രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകമായി പ്രവർത്തിക്കുന്നത് ഏറ്റവും വലിയ സാമൂഹ്യതിന്മകളിലൊന്നാണ്. സർവീസ് ചട്ടങ്ങളുടെ ലംഘനം എന്നതു കൂടാതെ നാടിന്റെ വികസനത്തിന് വലിയ തടസമാണിത്. കേരളത്തിൽ പതിറ്റാണ്ടുകളായി ഇത് നിർബാധം തുടരുകയാണ്. ഭരിക്കുന്ന കക്ഷികളുടെ ഒത്താശയോടെയാണ് ഈ ധിക്കാരം നടക്കുന്നത്. റജിസ്റ്ററിൽ ഒപ്പിട്ടു ശമ്പളവും വാങ്ങി പാർട്ടിക്കുവേണ്ടി പണിയെടുക്കുക എന്നത് ഒരു അവകാശമായി കൊണ്ടുനടക്കുകയാണ് ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥർ. പാവപ്പെട്ട ജനങ്ങൾ സർക്കാർ ഓഫിസുകളിൽ നിരവധി ആവശ്യങ്ങൾക്കായി നിരന്തരം കയറിയിറങ്ങുകയാണ്. ഏകദേശം അഞ്ചു ലക്ഷത്തോളം ഫയലുകളാണ് ഭരണസിരാകേന്ദ്രത്തിൽ മാത്രം തീർപ്പാവാതെ കെട്ടിക്കിടക്കുന്നത്.ഇത് അവസാനിപ്പിക്കണമെന്ന ജനങ്ങളുടെ ആഗ്രഹം യാഥാർഥ്യമാക്കാൻ ബിജെപി തുടങ്ങിവച്ച നിയമപരവും രാഷ്ട്രീയപരവുമായ നീക്കങ്ങൾ ഫലം കണ്ടുതുടങ്ങുന്നു എന്നുവേണം കണക്കാക്കാൻ. രാജ്ഭവൻ മാർച്ചിൽ ജീവനക്കാർ പങ്കെടുക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോൾ ചീഫ് സെക്രട്ടറി നടപടി എടുക്കണമെന്നാണ് കോടതി നിർദേശിച്ചത്. തെളിവുകൾ ചീഫ് സെക്രട്ടറിക്കു നൽകിയിട്ടും നടപടി വൈകിയതുകൊണ്ടാണ് ഗവർണർക്ക് പരാതി നൽകിയത്. ഏതായാലും നടപടികൾക്കു ജീവൻവച്ചു തുടങ്ങിയതിൽ സന്തോഷം. എന്നാൽ ഇനിയും തുടർ നടപടികൾ വേണ്ടിവരുമെന്നുറപ്പ്. ഒട്ടുമിക്ക ഉദ്യോഗസ്ഥരെയും നേതാക്കൾ നിർബന്ധിച്ച് കൊണ്ടുപോകുന്നതാണ്. അതുകൊണ്ടാണ് ആദ്യഘട്ടത്തിൽ നേതാക്കൾക്കെതിരെ നടപടിയുമായി നീങ്ങിയത്. സർക്കാർ ഉദ്യോഗസ്ഥർ അവിവേകപൂർവമായ നടപടികളിൽ നിന്ന് പിന്മാറണമെന്നാണ് പൊതുജനം ആഗ്രഹിക്കുന്നത്. അതുപോലെ പ്രധാനപ്പെട്ടതാണ് തൊഴിലുറപ്പു തൊഴിലാളികളെ തൊഴിൽ സമയത്ത് പാർട്ടി സമ്മേളനങ്ങൾക്ക് നിർബന്ധിച്ച് കൊണ്ടുപോകുന്നതും. അതു അവസാനിപ്പിക്കാനും നടപടി വേണ്ടതുണ്ട്. തികച്ചും നീതിപൂർവകമായ ഈ ആവശ്യത്തിന് എല്ലാ നല്ല മനുഷ്യരുടെയും പിന്തുണയുണ്ടാവണമെന്നു വിനീതമായി അഭ്യർഥിക്കുന്നു.

Related Topics

Share this story