വിഴിഞ്ഞം സമരത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

 വിഴിഞ്ഞം സമരത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
 തിരുവനന്തപുരം: ‌ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമരക്കാരുടെ ആശങ്ക കേള്‍ക്കുന്നതിനായി സമര സമിതി നേതാക്കളെ അദ്ദേഹം രാജ്ഭവനിലേക്ക് വിളിപ്പിച്ചു. ഉച്ചക്ക് 12.15ന് ലത്തീന്‍ അതിരൂപത വികാരി  ഫ.യൂജിന്‍ പെരേരയടക്കം സമര സമിതിയിലെ മൂന്ന് പേര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.

സംസ്ഥാന സര്‍ക്കാറുമായി നേരിട്ട് ഏറ്റുമുട്ടല്‍ നടത്തുന്ന ഗവര്‍ണര്‍ തന്റെ പരിധിക്ക് പുറത്തുള്ള പല വിഷയങ്ങളിലും ഇടപെടുന്നതായ ആരോപണം ശക്തമാണ്. ഇതിനെ തുടര്‍ച്ചെയന്നോണമാണ് ഇപ്പോള്‍ വിഴിഞ്ഞം സമരക്കാരെ കാണുന്നത്. നേരത്തെ വിഴിഞ്ഞം സമരക്കാര്‍ സംസ്ഥാന സര്‍ക്കാറുമായി പല തവണ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യമൊഴിച്ച് സമരക്കാരുടെ മറ്റ് ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന സമര സമിതി  പ്രതിഷേധം തുടരുകയായിരുന്നു. ഇതിന് പിന്നാലെയാണ് സമര സമിതി സര്‍ക്കാറുമായി ഇടഞ്ഞ് നില്‍ക്കുന്ന ഗവര്‍ണറെ കാണുന്നത്. നേരത്തെ അനുമതി വാങ്ങിയാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം.

Share this story