വീണ്ടും സ്വര്‍ണക്കടത്ത് മാഫിയ? ഖത്തറില്‍ നിന്നു നാട്ടിലേക്ക് മടങ്ങിയ യുവാവിനെ കാണാനില്ലെന്ന് പരാതി

missing
 നാദാപുരം: ഖത്തറില്‍ നിന്നു നാട്ടിലേക്ക് മടങ്ങിയ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്.ജാതിയേരി കോമ്പി മുക്കിലെ വാതുക്കല്‍ പറമ്പത്ത് റിജേഷിനെയാണ് (35) കാണാതായത്. ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരന്‍ രാജേഷാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ വളയം പോലീസ് കേസെടുത്തു.  മൂന്നു വര്‍ഷം മുമ്പാണ് റിജേഷ് ഖത്തറില്‍ ജോലിക്കായി പോയത്. അവസാനം ജൂണ്‍ പത്തിനാണ് ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചത്. ജൂണ്‍ 16നു കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചില്ലെന്നാണ് ബന്ധുക്കള്‍ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. ഇതിനിടെ കണ്ണൂര്‍ ജില്ലയിലെ ചിലര്‍ റിജേഷിനെ അന്വേഷിച്ച് ജാതിയേരി കോമ്പിമുക്ക് പരിസരങ്ങളില്‍ എത്തിയതായി നാട്ടുകാര്‍ പറഞ്ഞു. അജ്ഞാത യുവാവ് വീട്ടിലെത്തി റിജേഷിനെ അന്വേഷിച്ചെന്നും ഞങ്ങൾ ചില സാധനങ്ങൾ അവന്‍റെ കൈവശം കൊടുത്തയച്ചതായും, തിരികെ ലഭിക്കണമെന്ന് പറഞ്ഞതായും വീട്ടുകാർ പറഞ്ഞു. യുവാവിനെ കാണാതായ സംഭവത്തിൽ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചതായി വളയം സിഐ എ.അജീഷ് പറഞ്ഞു.

Share this story