Times Kerala

മാപ്പിംഗ് പൂർത്തിയാക്കുന്ന സ്ഥലങ്ങളിൽ നീർച്ചാൽ വീണ്ടെടുപ്പ് ഏപ്രിൽ ആദ്യവാരം 

 
മാപ്പിംഗ് പൂർത്തിയാക്കുന്ന സ്ഥലങ്ങളിൽ നീർച്ചാൽ വീണ്ടെടുപ്പ് ഏപ്രിൽ ആദ്യവാരം 
 

നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ നടന്നുവരുന്ന ‘സുരക്ഷിതമാക്കാം പശ്ചിമഘട്ടം’ പദ്ധതിയിൽ മാപിംഗ് പൂർത്തിയാക്കിയ സ്ഥലങ്ങളിൽ ഏപ്രിൽ ആദ്യവാരം നീർച്ചാലുകളുടെ വീണ്ടെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ഹരിതകേരളം മിഷൻ കർമസമിതി യോഗത്തിലാണ് തീരുമാനം. നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യത ലഘൂകരിച്ച് പശ്ചിമഘട്ട പ്രദേശത്ത് സുരക്ഷിതജനവാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് 230 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

 ‘നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ’ പദ്ധതി ആദ്യഘട്ടത്തിൽ 99 പഞ്ചായത്തുകളിൽ നടപ്പാക്കും. അടുത്ത വർഷം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇതിനായി പദ്ധതി തയ്യാറാക്കാനും യോഗം തീരുമാനിച്ചു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കാർബൺ ന്യൂട്രൽ കേരളം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണിത്. മാലിന്യമുക്ത കേരളം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘വലിച്ചെറിയൽ മുക്ത കേരളം’ പരിപാടി ഇന്ന് (ജനുവരി 26) ആരംഭിക്കും. ആദ്യഘട്ടത്തിൽ റിപ്പബ്ലിക് ദിനം മുതൽ ജനുവരി 30 വരെ സംഘടിപ്പിക്കുന്ന പരിപാടി മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനകീയ ശുചീകരണത്തോടെ നടപ്പാക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം, അർബൻ ഡയറക്ടർ അരുൺ കെ വിജയൻ, കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്, കില ഡയറക്ടർ ജനറൽ ജോയ് ഇളമൺ, നവകേരളം കർമപദ്ധതി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഇന്ദു എസ്, അസി. കോർഡിനേറ്റർ ടി.പി. സുധാകരൻ, ഹരിതകേരളം മിഷൻ അസി. കോർഡിനേറ്റർ എബ്രഹാം കോശി, ലാൻഡ് യൂസ് കമ്മീഷണർ എ നിസാമുദ്ദീൻ, സോയിൽ കൺസർവേഷൻ ഡയറക്ടർ എസ് സുബ്രഹ്‌മണ്യൻ, CWRDM എക്‌സി. ഡയറക്ടർ ഡോ. മനോജ് പി സാമുവേൽ തുടങ്ങിയവരും കർമസമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

Related Topics

Share this story