കടല്‍രുചികളുടെ വൈവിധ്യവുമായി മത്സ്യഫെഡ്

കടല്‍രുചികളുടെ വൈവിധ്യവുമായി മത്സ്യഫെഡ്
 

ആലപ്പുഴ: സംസ്ഥാന സർക്കാരിൻറെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്‍റെ കേരളം പ്രദർശന- വിപണന മേളയിൽ കടൽ രുചികളുടെ വിരുന്നാണ് മത്സ്യഫെഡ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

കേര, ചെമ്മീൻ, കൂന്തൽ, കണവ, തളമീൻ തുടങ്ങിയവയുടെ അച്ചാറുകൾ, ഇൻസ്റ്റന്‍റ് മീൻ കറികൾ, ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ ചമന്തി, ഇൻസ്റ്റന്‍റ് മീൻ ഫ്രൈ മസാല തുടങ്ങിയവയ്ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്.

മത്സ്യ ഫെഡിന്‍റെ പ്രധാന ഉത്പന്നങ്ങളിലൊന്നായ കൈറ്റോൺ ടാബ്‌ലറ്റുകളും സ്റ്റാളിൽ ലഭ്യമാണ്. അമിതവണ്ണവും ശരീരത്തിലെ കൊഴുപ്പും നിയന്ത്രിച്ച് ശരീര ഭംഗി നിലനിർത്താൻ സഹായിക്കുന്ന ടാബ്ലെറ്റ് ചെമ്മീന്‍റെയും ഞണ്ടിന്‍റെയും പുറം തോടിൽ നിന്നാണ് വികസിപ്പിച്ചെടുക്കുന്നത്. 30 എണ്ണത്തിന്‍റെ പാക്കറ്റിന് 180 രൂപയും 60 എണ്ണത്തിന്‍റെ പാക്കറ്റിന് 350 രൂപയുമാണ് വില. മത്സ്യഫെഡിന്‍റെ കൊല്ലം നീണ്ടകര ഫാക്ടറിയിലാണ് കൈറ്റോൺ ടാബ്ലറ്റ് നിർമിക്കുന്നത്.

സ്റ്റാളിൽ എത്തുന്നവർക്ക് മത്സ്യഫെഡിന്‍റെ പാലായ്ക്കരി, ഞാറയ്ക്കൽ, മാലിപ്പുറം തുടങ്ങിയ അക്വാ ടൂറിസം പദ്ധതികളെക്കുറിച്ചും മത്സ്യ ഫെഡ് മത്സ്യതൊഴിലാളികൾക്കായി നടപ്പാക്കുന്ന വിവിധ വായ്പ്പാ പദ്ധതികളെക്കുറിച്ചും അറിയാനും അവസരമുണ്ട്.

Share this story