Times Kerala

 വിദേശ തൊഴിലിന് സാമ്പത്തികം കടമ്പയാകില്ല, കൂടെയുണ്ട് പട്ടികജാതി വികസന വകുപ്പ്

 
flight
 

കാസർഗോഡ്: ഉന്നതപഠനം പൂര്‍ത്തിയാക്കിയിട്ടും സാമ്പത്തിക പ്രയാസം മൂലം വിദേശ ജോലിയെന്ന സ്വപനം ബാക്കിയാക്കിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇനി ധൈര്യപൂര്‍വം മുന്നോട്ട് പോകാം. ഉദ്യോഗാര്‍ഥികളുടെ സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ വിദേശ തൊഴില്‍ സാമ്പത്തിക സാഹായ പദ്ധതിയുമായി പട്ടികജാതി വികസന വകുപ്പ് കൂടെയുണ്ട്. പട്ടികജാതിയില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് വിദേശത്ത് ജോലി കണ്ടെത്താന്‍ സഹായമാകുകയാണ് വിദേശ തൊഴില്‍ സാമ്പത്തിക സഹായ പദ്ധതി.

ഏതെങ്കിലും തൊഴില്‍ മേഖലയില്‍ നൈപുണ്യവും പരിശീലനവും ലഭിച്ചവര്‍ക്ക് വിദേശ തൊഴില്‍ നേടുന്നതിനായി യാത്രയ്ക്കും വിസ സംബന്ധമായ ചിലവുകള്‍ക്കുമായി പദ്ധതിയിലൂടെ ഒരു ലക്ഷം രൂപ ധനസഹായം അനുവദിക്കുന്നു. ജില്ലയില്‍ 23 പേര്‍ക്ക് നിലവില്‍ ഈ സഹായം ലഭിച്ചിട്ടുണ്ട്. 2019-2020 വര്‍ഷത്തില്‍ 10 പേര്‍ക്ക് പദ്ധതി പ്രകാരം ആനുകൂല്യം നല്‍കിയിരുന്നു. കോവിഡ് കാലഘട്ടത്തില്‍ തൊട്ടടുത്ത വര്‍ഷം വിദേശത്തേക്ക് ജോലിക്കായി പോകുന്നവരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായതിനാല്‍ സഹായത്തിനുള്ള അപേക്ഷകളും താരതമ്യേന കുറവായിരുന്നു. 2021-22 വര്‍ഷത്തില്‍ 5 പേര്‍ക്കാണ് ആനുകൂല്യം നല്‍കിയത്. ആദ്യ ഘട്ടത്തില്‍ 60,000 രൂപയും രണ്ടാം ഘട്ടത്തില്‍ 40,000 രൂപയും നിരക്കില്‍ രണ്ട് ഗഡുക്കളായാണ് തുക നല്‍കുന്നത്.

20 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ളവരും വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ളവരുമായിരിക്കണം അപേക്ഷകര്‍. ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വഴി തുക നല്‍കും. നിയാമാനുസൃതമായ പാസ്‌പോര്‍ട്ടിന്റെയും വിസയുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷിച്ചാല്‍ ടിക്കറ്റ് തുക ഉള്‍പ്പെടെ 60 ശതമാനം മുന്‍കൂറായി നല്‍കും. കൂടാതെ തൊഴില്‍ കരാര്‍ പ്രകാരം ജോലിയില്‍ പ്രവേശിച്ചു എന്നത് സംബന്ധിച്ച രേഖ ഹാജരാക്കിയാല്‍ ബാക്കി 40 ശതമാനവും നല്‍കും. വിദേശത്ത് തൊഴില്‍ അന്വേഷിച്ച് പോകുന്ന ഒരു യാത്രയ്ക്ക് മാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിക്കുകയുള്ളു.

ജില്ലയില്‍ ഐ.ടി, ബി.ടെക് തുടങ്ങിയ കോഴ്‌സുകള്‍ പഠിച്ചിറങ്ങിയ നിരവധി പേര്‍ ഉണ്ട്. എന്നാല്‍ മിക്കവരും സ്വന്തം നാട്ടില്‍ തന്നെ ഒതുങ്ങി കഴിയുന്നവരാണ്. കാസര്‍കോട് ജില്ലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സാധിക്കണം. അതിനായി മെച്ചപ്പെട്ട തൊഴില്‍ നേടാന്‍ വിദേശ രാജ്യങ്ങളില്‍ പോകാനും യുവ തലമുറ തയ്യാറാകണം. ഇവര്‍ക്കായി നിരവധി പദ്ധതികള്‍ വകുപ്പ് തയ്യാറാക്കുന്നുണ്ടെന്നും അവ ഉപയോഗപ്പെടുത്തണമെന്നും ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ എസ്.മീനാറാണി പറഞ്ഞു.

Related Topics

Share this story