Times Kerala

സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ് തുടർക്കഥയാവുന്നു; പിടികൊടുക്കാതെ നിഗൂഢ സംഘങ്ങൾ

 
സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ് തുടർക്കഥയാവുന്നു; പിടികൊടുക്കാതെ നിഗൂഢ സംഘങ്ങൾ
മലപ്പുറം: സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ് നടത്തുന്നത് തുടർക്കഥയാവുമ്പോൾ പിന്നിൽ പ്രവർത്തിക്കുന്ന നിഗൂഢ സംഘങ്ങൾ പിടികൊടുക്കാതെ വിലസുകയാണ്. കഴിഞ്ഞ ദിവസം മലപ്പുറം ക്രൈം പൊലീസ് ഇത്തരം കേസിൽ ബിഹാർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം ജില്ല പൊലീസ് മേധാവിയുടെതന്നെ ഫോട്ടോ പ്രൊഫൈലായിവെച്ച് വാട്സ്ആപ്പിൽ വ്യാജസന്ദേശങ്ങൾ അയച്ച് തട്ടിപ്പിന് ശ്രമിച്ച സംഘത്തിലെ അംഗമാണ് പിടിയിലായത്. പൊലീസ്, സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയക്കാർ തുടങ്ങിയവരുടെ പേരുകളിലെല്ലാം വ്യാജ പ്രൊഫൈലുണ്ടാക്കി വ്യാപകമായി തട്ടിപ്പ് തുടരുന്നുണ്ട്. മലപ്പുറം ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥനും മാധ്യമപ്രവർത്തകനും ഇത്തരം തട്ടിപ്പിലൂടെ പണം നഷ്ടമായിരുന്നു. എന്നാൽ, ഭൂരിഭാഗം കേസുകളിലും പ്രതികളെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ ദിവസം മലപ്പുറം ക്രൈം പൊലീസ് അറസ്റ്റ് ചെയ്ത പ്രതി സിക്കന്ദറും മാസങ്ങളോളമായി സമാന തട്ടിപ്പ് തുടർന്ന് കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ വിലസുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി പരാതികളാണ് സമാനരീതിയിൽ പൊലീസിന് ലഭച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് വ്യാജ മേൽവിലാസത്തിലെടുക്കുന്ന സിം കാർഡുകളാണ് സംഘങ്ങൾ തട്ടിപ്പിന് ഉപയോഗിക്കുന്നതെന്നാണ് വിവരം. തട്ടിപ്പിന് ഉപയോഗിക്കുന്ന അക്കൗണ്ടുകൾ നിശ്ചിതകാലം കഴിഞ്ഞാൽ ഒഴിവാക്കുന്നതും ഇവരുടെ രീതിയാണ്. നിരന്തരം ജാഗ്രത നിർദേശം ലഭിച്ചിട്ടും നിരവധിപേരാണ് ഇത്തരം തട്ടിപ്പുകളിൽ അകപ്പെടുന്നത്.

Related Topics

Share this story