ഡോക്യുമെന്ററി വിവാദം; അനിൽ ആന്റണിയുടെ പ്രസ്താവന തള്ളി കെ. സുധാകരൻ
Jan 25, 2023, 06:37 IST

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് കെപിസിസി മീഡിയ സെൽ കൺവീനറും മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകനുമായ അനിൽ ആന്റണി നടത്തിയ പ്രസ്താവനയെ തള്ളി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കോൺഗ്രസ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും സുധാകരൻ വ്യക്തമാക്കി. ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകളുമായി കോൺഗ്രസ് പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ആ കച്ചിത്തുരുമ്പിൽ പിടിച്ച് കോൺഗ്രസിനെ അപഹസിക്കാൻ ആരും ശ്രമിക്കേണ്ടെന്നും സുധാകരൻ പറഞ്ഞു. നേരത്തെ, അനിൽ ആന്റണിയെ തള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിലും രംഗത്തെത്തിയിരുന്നു. യൂത്ത് കോൺഗ്രസിന്റെ അഭിപ്രായം പറയേണ്ടത് പ്രസിഡന്റായ താനാണെന്നും മറ്റാരും പറയുന്നത് ഔദ്യോഗിക നിലപാടല്ലെന്നും ഡോക്യുമെന്ററി പ്രദർശനത്തിന് ശേഷം ഷാഫി വ്യക്തമാക്കി. ആരുടെയും വ്യക്തിപരമായ അഭിപ്രായം സംഘടനയുടെ പൊതുവായ അഭിപ്രായമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നു കയറ്റമാണ് ഡോക്യുമെന്ററിയെന്നും ബിബിസി മുൻവിധിയുള്ള ചാനലെന്നും അനിൽ ട്വിറ്ററിൽ കുറിച്ചിരുന്നു.