എബിസിഡി പഠിച്ചില്ല, പള്ളുരുത്തിയില്‍ നാലു വയസുകാരന് ട്യൂഷന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം; പ്രതി റിമാൻഡിൽ
Fri, 24 Jun 2022

കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ നാലു വയസുകാരന് ട്യൂഷന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. ഇംഗ്ലീഷ് അക്ഷരമാല പഠിച്ചില്ലെന്നാരോപിച്ചാണ് കുട്ടിയെ ഇയാൾ മര്‍ദ്ദിച്ചത്. കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കുട്ടിക്ക് മർദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം വീട്ടിലെത്തിയ കുട്ടിയെ പനിയും ശാരീരിക അസ്വസ്ഥതയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് കുട്ടിയുടെ ശരീരത്തില്‍ ചൂരല്‍ ഉപയോഗിച്ച് മര്‍ദ്ദിച്ച പാടുകള്‍ കണ്ടെത്തിയത്. കാര്യം തിരക്കിയപ്പോൾ എബിസിഡി പഠിക്കാത്തതിനാണ് അധ്യാപകന് മര്‍ദിച്ചതെന്ന് കുട്ടി പറയുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പള്ളുരുത്തി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തക്ഷശില എന്ന പേരില്‍ ട്യൂഷന് സെന്റര്‍ നടത്തുന്ന നിഖിലിനെ പോലീസ് അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.