പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളിയെ മുഖ്യപ്രഭാഷണത്തിന് ക്ഷണിച്ച് പെരുമ്പാവൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍

പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളിയെ മുഖ്യപ്രഭാഷണത്തിന് ക്ഷണിച്ച് പെരുമ്പാവൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍
കൊച്ചി: പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയെ മുഖ്യപ്രഭാഷണത്തിന് ക്ഷണിച്ച് പെരുമ്പാവൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍. പെരുമ്പാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം നയിക്കുന്ന വാഹന പ്രചരണ ജാഥയുടെ പോസ്റ്ററില്‍ എല്‍ദോസിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാത്രമല്ല, കുറുപ്പംപടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിലും എല്‍ദോസിന്റെ ചിത്രമുള്ള പോസ്റ്റര്‍ പുറത്തെത്തിയിട്ടുണ്ട്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. വര്‍ഗീസ് നയിക്കുന്ന തെരുവ് വിചാരണ യാത്രയുടെ പോസ്റ്ററിലാണ് എല്‍ദോസിന്റെ ചിത്രമുള്ളത്.


പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ എല്‍ദോസിനെ കോണ്‍ഗ്രസില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡി.സി.സിയുടെയും കെ.പി.സി.സിയുടെയും ഭാരവാഹിത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നു എന്നറിയിച്ചത് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനായിരുന്നു. എന്നാല്‍ മണ്ഡലത്തിലെ പരിപാടികള്‍ക്ക് സസ്‌പെന്‍ഷന്‍ ബാധകമല്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ന്യായീകരണം.

അതേസമയം, എല്‍ദോസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനോട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ട്. എന്നാല്‍ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം അദ്ദേഹത്തെ പങ്കെടുപ്പിക്കണം എന്ന ആവശ്യം ശക്തമായി ഉയര്‍ത്തി. ഇതിന്റെ ഭാഗമായാണ് പോസ്റ്റര്‍ പുറത്തെത്തിയതെന്നാണ് വിവരം.
 

Share this story