ബസ് യാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിച്ചു, കണ്ടക്ടര്‍ക്ക് നാല് വര്‍ഷം തടവ്

ബസ് യാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിച്ചു, കണ്ടക്ടര്‍ക്ക് നാല് വര്‍ഷം തടവ്
 മലപ്പുറം: ബസ് യാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പ്രതിക്ക് നാല് വര്‍ഷം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും വിധിച്ച്‌ കോടതി. മലപ്പുറം എടപ്പാള്‍ സ്വദേശി ജബ്ബാറിനെയാണ് പട്ടാമ്ബി അതിവേഗ കോടതി ശിക്ഷിച്ചത്. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം. പട്ടാമ്ബി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാറിന്റേതാണ് വിധി.  2019 ഡിസംബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.  
പാലക്കാട് ഗുരുവായൂര്‍ പാതയില്‍ ഓടുന്ന ബസില്‍ കണ്ടക്ടറായിരുന്ന എടപ്പാള്‍ സ്വദേശി ജബ്ബാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിച്ചുവെനന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടാമ്ബി പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. 
പട്ടാമ്ബി എസ് ഐ ആയിരുന്ന അബ്ദുള്‍ ഹക്കീമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് പതിനൊന്ന് സാക്ഷികളെ വിസ്തരിച്ചു. പതിനാറ് രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി.

Share this story