പരാതി നല്‍കാന്‍ എത്തിയ ട്രാന്‍സ്‌ജെന്‍ഡറെ പോലീസ് ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ചതായി പരാതി

 പരാതി നല്‍കാന്‍ എത്തിയ ട്രാന്‍സ്‌ജെന്‍ഡറെ പോലീസ് ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ചതായി പരാതി
 കോഴിക്കോട്: പരാതി നല്‍കാന്‍ എത്തിയ ട്രാന്‍സ്‌ജെന്‍ഡറെ പോലീസ് ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലെ സി.ഐ. ജിജീഷിനെതിരെയാണ് ട്രാന്‍സ്‌ജെന്‍ഡറായ ദീപാറാണി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

ആണ്‍വേഷം കെട്ടിയതാണെന്നും ലൈംഗിക തൊഴിലാളിയെന്നും പറഞ്ഞ് സി.ഐ. അധിക്ഷേപിച്ചെന്നാണ് ദീപാറാണിയുടെ പരാതി.  ''ഫോണിലേക്ക് ഒരാള്‍ വിളിച്ച് മോശമായി സംസാരിക്കുകയും പിന്നീട് വധഭീഷണി മുഴക്കുകയും ചെയ്തപ്പോള്‍ ഇതില്‍ പരാതി നല്‍കാനാണ് നടക്കാവ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് മനസ്സിലായപ്പോള്‍, വിളിച്ചത് നിന്റെ കസ്റ്റമര്‍ ആയിരിക്കുമെന്നാണ് പോലീസ് ആദ്യം പറഞ്ഞത്. നീയൊക്കെ ആണും പെണ്ണും കെട്ടതല്ലേ സെക്‌സ് വര്‍ക്ക് ചെയ്യുന്നവരല്ലേ എന്ന് പറഞ്ഞ് അപമാനിച്ചു. പരാതി സ്വീകരിക്കാനോ കേസ് എടുക്കാനോ കഴിയില്ലെന്നും പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറുന്നത് ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ തട്ടിപ്പറിക്കാനും ശ്രമിച്ചു. പീന്നീട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനാണ് പരാതി സ്വീകരിച്ചത്''-  സംഭവത്തിൽ ദീപാറാണി പറഞ്ഞു.

അതേസമയം, ആരോപണം തെറ്റാണെന്നാണ് പോലീസിന്റെ മറുപടി. ടൗണിലെ എല്ലാ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പരാതിയുമായി ഇവിടെ എത്താറുണ്ടെന്നും ആരോടും ഇതുവരെ മോശമായി പോലീസുകാര്‍ പെരുമാറിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ പരാതിയുമായി എത്തിയ ആളോട് വിവരങ്ങള്‍ തിരക്കിയപ്പോള്‍ അവര്‍ ട്രാന്‍സ്‌മെന്‍ ആണോ ട്രാന്‍സ് വുമണാണോ എന്ന് ചോദിച്ചു. ഇതിലാണ് പരാതിയുമായി എത്തിയയാള്‍ക്ക് പ്രകോപനമുണ്ടായതെന്നാണ്  പോലീസിന്റെ വിശദീകരണം.
 

Share this story