Times Kerala

 കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഹെല്‍ത്ത് ഗ്രാന്‍ഡ്, ബ്ലോക്ക് തലങ്ങളില്‍ പൊതുജനാരോഗ്യ യൂണിറ്റ് വരുന്നു

 
 കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഹെല്‍ത്ത് ഗ്രാന്‍ഡ്, ബ്ലോക്ക് തലങ്ങളില്‍ പൊതുജനാരോഗ്യ യൂണിറ്റ് വരുന്നു
 

കാസർഗോഡ്: പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷന്‍ ആരോഗ്യ മേഖലയ്ക്ക് അനുവദിച്ച ഹെല്‍ത്ത് ഗ്രാന്‍ഡിലെ തുക വകയിരുത്തി ജില്ലയിലെ ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ പൊതുജനാരോഗ്യ യൂണിറ്റുകള്‍ വരുന്നു. ഇതിനൊപ്പം ബ്ലോക്ക് പൊതുജനാരോഗ്യ ലാബും ഹെല്‍ത്ത് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സംവിധാനവും ഏര്‍പ്പെടുത്തും. ഓരോ യൂണിറ്റിലും പൊതുജനാരോഗ്യ വിദഗ്ധന്‍, എപ്പിഡമോളജിസ്റ്റ് , രണ്ട് ലാബ് ടെക്നീഷ്യന്‍സ്, എന്നിവരുടെ സേവനം ലഭ്യമാകും. പൊതുജനാരോഗ്യ യൂണിറ്റുകള്‍ സജ്ജമാക്കാന്‍ ആവശ്യമായ മുറി, ലാബ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കുള്ള തുക ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് നല്‍കിക്കഴിഞ്ഞു.

മുനിസിപ്പാലിറ്റികളില്‍ നിലവിലുള്ള നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമെ ചുരുങ്ങിയത് മൂന്ന് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രം ഹെല്‍ത്ത് ഗ്രാന്‍ഡിലൂടെ ലക്ഷ്യമിടുന്ന മറ്റൊരു പ്രധാന പദ്ധതിയാണ്. പതിനഞ്ചായിരം ജനസംഖ്യയ്ക്ക് ഒരു വെല്‍നെസ് കേന്ദ്രം എന്ന തരത്തിലാണ് ഇത് ക്രമീകരിക്കുക. ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് തുടങ്ങി ആവശ്യമായ ജീവനക്കാരെ നിയമിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ മാതൃകയാക്കിയായിരിക്കും പ്രവര്‍ത്തനം. ജില്ലയിലെ ഓരോ മുനിസിപ്പാലിറ്റിയിലും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ആഴ്ചയില്‍ ചുരുങ്ങിയത് ഒരു ദിവസമെങ്കിലും ലഭ്യമാക്കുന്ന പോളി ക്ലിനിക്കുകളും ആരംഭിക്കും. രോഗനിര്‍ണയ പരിശോധനകളും നവകേരളം കര്‍മപദ്ധതിയിലൂടെ നടപ്പിലാക്കുന്ന ക്യാന്‍സര്‍ രോഗത്തിനെതിരായ പ്രതിരോധ പദ്ധതികളും ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ നിലവില്‍ വരുന്നതോടെ കാര്യക്ഷമമാവും

പൊതുജനാരോഗ്യ യൂണിറ്റുകള്‍ ഇവിടങ്ങളില്‍

ധനകാര്യ കമ്മിഷന്റെ ഹെല്‍ത്ത് ഗ്രാന്‍ഡ് മുഖേന നീലേശ്വരം ബ്ലോക്കില്‍ ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, കാറഡുക്ക ബ്ലോക്കില്‍ മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രം, മഞ്ചേശ്വരം ബ്ലോക്കില്‍ മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രം, കാഞ്ഞങ്ങാട് ബ്ലോക്കില്‍ പെരിയ സാമൂഹികാരോഗ്യ കേന്ദ്രം, പരപ്പ ബ്ലോക്കില്‍ വെള്ളരിക്കുണ്ട് സാമൂഹികാരോഗ്യ കേന്ദ്രം, കാസര്‍കോട് ബ്ലോക്കില്‍ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് പൊതുജനാരോഗ്യ യൂണിറ്റുകള്‍ രൂപീകരിക്കുക.

ധനസഹായത്തിന്റെ വിനിയോഗം സംബന്ധിച്ച് ജില്ലാതലത്തില്‍ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിശീലനത്തിന് ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ.വി.സുരേശന്‍ നേതൃത്വം നല്‍കി. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ അധ്യക്ഷന്‍മാര്‍, ബ്ലോക്ക്, നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, പ്ലാന്‍ ക്ലര്‍ക്കുമാര്‍ എന്നിവര്‍ക്കാണ് തുക വിനിയോഗം സംബന്ധിച്ച് സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പരിശീലനം നല്‍കിയത്. ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കര്‍മപദ്ധതി തയ്യാറാക്കുന്ന പ്രക്രിയയ്ക്ക് സാങ്കേതിക മേല്‍നോട്ടം വഹിക്കാനും ജില്ലാതല കര്‍മപദ്ധതി തയ്യാറാക്കാന്‍ ജില്ലാ ആസൂത്രണ സമിതിയെ സഹായിക്കാനുമായി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷയായി സബ്കമ്മിറ്റി രൂപീകരിക്കും. പദ്ധതി രൂപീകരണവും നടപടി ക്രമങ്ങളും ജില്ലാ പ്ലാനിംഗ് ഓഫീസ് റിസര്‍ച്ച് ഓഫീസര്‍ സുനില്‍ ഫിലിപ്പ് വിശദീകരിച്ചു.

Related Topics

Share this story