കുട്ടികളെ കയറ്റാതെ ബസിന്‍റെ പരക്കംപാച്ചില്‍; സ്വകാര്യ ബസ് തടഞ്ഞ് സ്കൂൾ പ്രിൻസിപ്പൽ

 കുട്ടികളെ കയറ്റാതെ ബസിന്‍റെ പരക്കംപാച്ചില്‍; സ്വകാര്യ ബസ്  തടഞ്ഞ് സ്കൂൾ പ്രിൻസിപ്പൽ 
 മലപ്പുറം: സ്‌കൂളിന് മുന്നിൽ ബസ് നിർത്താത്ത വിഷയത്തില്‍ പരാതികള്‍ കൂടിയതോടെ  ബസ് തടഞ്ഞ് ഒരു പ്രിൻസിപ്പൽ. മലപ്പുറം താഴെക്കോട് കാപ്പുപറമ്പ് പി ടി എം എച്ച് എസ് എസ് പ്രിൻസിപ്പൽ ഡോ. സക്കീർ എന്ന സൈനുദ്ധീനാണ് ബസ് തടഞ്ഞു നിർത്തിയത്. 

കോഴിക്കോട് -പാലക്കാട് റൂട്ടിൽ സർവിസ് നടത്തുന്ന 'രാജപ്രഭ' എന്ന സ്വകാര്യ ബസ് സ്ഥിരമായി സ്റ്റോപ്പിൽ നിർത്തുന്നില്ലെന്നും വിദ്യാർഥികൾക്ക് അപകടകരമാം അമിതവേഗതയിൽ ഓടിച്ചു പോകുന്നുവെന്നും പരാതികൾ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് പരാതി പൊലീസിൽ നൽകിയിരുന്നെന്നും നടപടി ഉണ്ടായിട്ടില്ലെന്നും സക്കീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബസ് തടയാൻ ശ്രമം നടത്തിയെങ്കിലും അമിതവേഗതയിൽ കടന്നു പോവുകയായിരുന്നു.

ഇതേ തുടർന്ന് റോഡിലെ ഡിവൈഡർ ക്രമീകരിച്ചാണ് പ്രിൻസിപ്പൽ ബസിനെ തടഞ്ഞത്. ബസ് തടയുന്ന രംഗം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിരിക്കുകയാണ്. കാണികളിൽ ഒരാൾ പകർത്തിയ രംഗങ്ങൾ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.
 

Share this story