'കാല്‍വിരലുകളില്‍നിന്ന് രക്തമൊഴുകി' കൊല്ലത്ത് 23കാരിയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

 'കാല്‍വിരലുകളില്‍നിന്ന് രക്തമൊഴുകി' കൊല്ലത്ത് 23കാരിയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം
 കൊല്ലം: ജില്ലയിലെ കുളത്തൂപ്പുഴയില്‍ 23കാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം.
കുളത്തൂപ്പുഴ അന്‍പതേക്കര്‍ സ്വദേശി നിഷ(23)യുടെ മരണത്തിലാണ് ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ സംശയിക്കുന്നത്. മരണത്തില്‍ പ്രദേശവാസിയായ യുവാവിന് പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന നിഷയെ കഴിഞ്ഞ ബുധനാഴ്ചയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു നിഷയുടെ താമസം. ഉച്ചയായിട്ടും യുവതിയെ പുറത്തു കാണാതിരുന്നതോടെ അയല്‍ക്കാര്‍ വാതില്‍ പൊളിച്ച്‌ അകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം നിഷയുടെ കാല്‍വിരലുകളിലെ മുറിവില്‍ നിന്നും രക്തം വാര്‍ന്നൊഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. മുറിയുടെ പലഭാഗത്തും രക്തക്കറ കണ്ടതായും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Share this story