ആക്സിസ് ബാങ്കിന് 5853 കോടി രൂപ അറ്റാദായം

axis
 

കൊച്ചി: ആക്സിസ് ബാങ്കിന്‍റെ  നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസത്തില്‍ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 62 ശതമാനം വര്‍ധനവോടെ 5853 കോടി രൂപയിലെത്തി. കഴിഞ്ഞ ത്രൈമാസത്തെ അപേക്ഷിച്ച് പത്തു ശതമാനം വളര്‍ച്ചയാണ് അറ്റാദായത്തിന്‍റെ കാര്യത്തില്‍ കൈവരിക്കാനായത്. പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 51 ശതമാനവും ത്രൈമാസാടിസ്ഥാനത്തില്‍ 20 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.

 

വായ്പകളുടെ കാര്യത്തില്‍ 15 ശതമാനമാണ് വാര്‍ഷികാടിസ്ഥാനത്തിലെ വര്‍ധനയെന്നും പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കറണ്ട്, സേവിങ്സ് അക്കൗണ്ടുകളുടെ കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ പത്തും ത്രൈമാസാടിസ്ഥാനത്തില്‍ നാലും ശതമാനം വളര്‍ച്ച കൈവരിക്കാനായിട്ടുണ്ട്. അറ്റ നിഷ്ക്രിയ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 44 അടിസ്ഥാന പോയിന്‍റുകള്‍ കുറഞ്ഞ് 0.47 ശതമാനത്തിലെത്തി.

 

ആഗോള തലത്തിലെ അനിശ്ചിതത്വത്തിനിടയിലും ഇന്ത്യ സമ്പദ്വ്യവസ്ഥയ്ക്കും ബിസിനസുകള്‍ക്കും സ്ഥിരതയും അവസരങ്ങളും ലഭ്യമാക്കുകയും ചെയ്യുന്നുവെന്ന് പ്രവര്‍ത്തന ഫലങ്ങളെ കുറിച്ചു പ്രതികരിച്ച ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു. സിറ്റിയുമായുള്ള ലയനം മികച്ച രീതിയില്‍ നടത്താനായന്നും ഉപഭോക്താക്കളില്‍ നിന്നും ജീവനക്കാരില്‍ നിന്നും ലഭിക്കുന്ന പ്രതികരണത്തില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share this story